ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

വാര്‍ത്തകള്‍

 കണിയാര്‍ പണിക്കര്‍ സമുദായത്തിന്റെ അവകാശങ്ങള്‍ പരിഗണിക്കണം
Posted on: 05 Feb 2013


കോഴിക്കോട്: കണിയാര്‍ പണിക്കര്‍ സമുദായത്തിന്റെ അര്‍ഹമായ ആവശ്യങ്ങളും അവകാശങ്ങളും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് പണിക്കര്‍ സര്‍വീസ് സൊസൈറ്റി ബേപ്പൂര്‍ മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ചെയര്‍മാന്‍ ബേപ്പൂര്‍ പി.കെ. മുരളീധര പണിക്കര്‍ ഉദ്ഘാടനം ചെയ്തു. എം.കെ. അനില്‍കുമാര്‍ പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി. ശക്തീധരന്‍ പണിക്കര്‍ , കെ.കെ. സുരേഷ് പണിക്കര്‍ , എം.പി. വിജീഷ് പണിക്കര്‍ , ജില്ലാ സെക്രട്ടറി എം.കെ.വിനോദ് പണിക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജാതി പറയുന്നത് അഭിമാനമായി കാണണം: വെള്ളാപ്പിള്ളി


പെരുമ്പാവൂര്‍: ജാതി പറയുന്നതില്‍ കുറച്ചില്‍ വേണ്ടെന്നും അത് അഭിമാനമായി കാണണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍. ഒരു ഗണകന്‍ ഈഴവനോ ഈഴവന്‍ നായരോ ആകാന്‍ പോകുന്നില്ല. അതിനാല്‍ തന്നെ സ്വന്തം ജാതി പറയാതിരിയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. കേരള ഗണക സമുദായ സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാന ഗണക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ ഐക്യത്തിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും എസ്.എന്‍.ഡി.പി തയ്യാറാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സംഘടിത ശക്തിയ്ക്ക് മാത്രം സാമൂഹ്യനീതി ലഭിയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അതുകൊണ്ടുതന്നെ ഹൈന്ദവ സമുദായങ്ങള്‍ സംഘടിത ശക്തിയായി മാറണമെന്നും വെള്ളാപ്പിള്ളി നിര്‍ദ്ദേശിച്ചു. ഗണക സമുദായ സഭ സംസ്ഥാന പ്രസിഡന്റ് ഒ.എം മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. 
എം.എല്‍.എമാരായ സാജുപോള്‍, ജോസഫ് വാഴയ്ക്കന്‍, പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ വി.ആര്‍ ജോഷി, ഗുജറാത്ത് സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ മുകുന്ദന്‍ കുറുപ്പ്, കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം തുളസി ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മന്ത്രി കെ.എം ബാബു രാവിലെ ഉദ്ഘാടനം ചെയ്തു. 
കണിയാന്‍, കണിശു, കളരിക്കുറുപ്പ്, കളരിപ്പണിയ്ക്കര്‍ തുടങ്ങിയ വിവിധ അവാന്തര വിഭാഗങ്ങളില്‍ പെട്ടവരെ ഒന്നിപ്പിയ്ക്കുകയായിരുന്നു  സംഗമത്തിന്റെ ലക്ഷ്യം.
മംഗളം 24.09.2012
ഗണക സമുദായാംഗങ്ങള്‍ക്ക് എസ്എന്‍ഡിപി സ്ഥാപനങ്ങളില്‍ സംവരണം -വെള്ളാപ്പള്ളി
Posted on: 24 Sep 2012


പെരുമ്പാവൂര്‍: എസ്എന്‍ഡിപിയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗണക സമുദായ അംഗങ്ങളുടെ കുട്ടികള്‍ക്ക് നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നഴ്‌സിംഗ് മേഖലയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവരേയും നഴ്‌സിംഗ് പാസായവരേയും യോഗം സഹായിക്കും. ഗണക സമുദായ സഭയ്ക്ക് സ്വാശ്രയ കോളേജുകള്‍ തുടങ്ങാന്‍ താല്പര്യമുണ്ടെങ്കില്‍ എസ്എന്‍ഡിപി പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗണക സമുദായ സഭ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ഹിന്ദു വിഭാഗത്തിന്റെ കൂട്ടായ്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനുള്ള എസ്എന്‍ഡിപി യോഗം വാര്‍ഷിക പൊതുയോഗത്തിന്റെ തീരുമാനമനുസരിച്ചാണ് താന്‍ ഇവിടെയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സംഘടന വലുതെന്നോ ചെറുതെന്നോ നോക്കിയല്ല. സ്വജാതി പറയുന്നത് അഭിമാനമായി കാണണമെന്നും ജാതി പറയാന്‍ മടി കാണിക്കരുതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ചിഹ്നംനോക്കി വോട്ട്‌ചെയ്തവര്‍ തോല്‍ക്കുകയും പേരു നോക്കിവോട്ട് ചെയ്തവര്‍ ജയിക്കുകയും ചെയ്ത നാടാണ് നമ്മുടെത്. പണം വാങ്ങി ഒരു വിഭാഗം നിയമനം നടത്തുന്ന അധ്യാപകര്‍ക്ക് ശമ്പളം നമ്മുടെ കൈയില്‍ നിന്ന് നല്‍കുന്ന നിയമം ഇന്ത്യയില്‍ മാത്രമേയുള്ളൂവെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഗണക സമുദായ സഭ സംസ്ഥാന പ്രസിഡന്റ് ഒ.എന്‍. മോഹനന്‍ അധ്യക്ഷതവഹിച്ചു. സാജുപോള്‍ എംഎല്‍എ, മുന്‍ സംസ്ഥാന പ്രസിഡന്റ് പി.ജി. ഗോപിനാഥ്, എം.പി. മുരളീധരന്‍, സ്ത്രീശക്തി പ്രസിഡന്റ് പി.കെ. ശശി, സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പി.ബി. കരുണാദാസ് സ്വാഗതവും ശശികലാ വിളംബരന്‍ നന്ദിയും പറഞ്ഞു.

ഹൈക്കോടതി വിധി സ്വാഗതാര്‍ഹം-ഗണക കണിശ സഭ
Posted on: 14 Jul 2012


തിരൂരങ്ങാടി: ശബരിമല ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കര്‍ക്കെതിരായ കേസ് ഹൈക്കോടതി തള്ളിയതിനെ കേരള ഗണക കണിശ സഭ ജില്ലാകമ്മിറ്റി സ്വാഗതം ചെയ്തു. ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതും ഉണ്ണികൃഷ്ണപണിക്കരെ അപമാനിക്കുന്നതിനുമായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്റ് പരപ്പനങ്ങാടി ബാലന്‍ അധ്യക്ഷനായി. താനൂര്‍ പ്രേമന്‍ പണിക്കര്‍, കൊടുവായൂര്‍ രാജന്‍ പണിക്കര്‍, കുറൂര്‍ ശശിധരന്‍ പണിക്കര്‍, തുപ്രംകോട് ഗംഗാധര പണിക്കര്‍, കെ.പുരം സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു.



വാസ്തുവിദ്യയിലെ സ്ത്രീസാന്നിധ്യം  
എ.ജെ. ലെന്‍സി


    സ്ത്രീകളുടെ വിദ്യാഭ്യാസം പത്താം തരത്തില്‍ നിര്‍ത്താമെന്ന കാഴ്ചപ്പാടുള്ള തറവാട്. ബിസിനസ്സ് തന്ത്രങ്ങള്‍ രക്തത്തിലലിഞ്ഞ പാരമ്പര്യം. എന്നിട്ടും പത്തുകഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്ന സംശയവുമായി വെറുതെയിരിക്കാന്‍ രാധയ്ക്ക് ആയില്ല. പാരമ്പര്യമായി കിട്ടിയ ജ്യോതിഷജ്ഞാനത്തെ മുറുകെപിടിച്ചു. പിന്നെ പതിയെ വാസ്തുശാസ്ത്രത്തിലേക്കും ചുവടുമാറ്റി. മുന്നോട്ടുവെച്ച കാല്‍ ഒരിക്കലും പിഴച്ചില്ല. രാശിയില്‍ കവടിനിരത്തി രാധ അറിഞ്ഞ കാര്യങ്ങള്‍ ഫലവത്തായി.
ചാലപ്പുറം മേക്കുന്നത്ത് ലീലാധരന്റെ ഭാര്യയായ രാധ വാസ്തുവിദ്യയില്‍ ഇപ്പോള്‍ വിദഗ്ധയായി മാറിക്കഴിഞ്ഞു. ഒരു വീടുവെക്കാന്‍ അല്ലെങ്കില്‍ വസ്തു വാങ്ങാന്‍ തുടങ്ങുമ്പോഴേ ആളുകള്‍ രാധയെ സമീപിക്കും. വസ്തുവിന്റെ രാശിയറിയാന്‍. വസ്തുവിന്റെ കിടപ്പിലുള്ള പ്രശ്‌നങ്ങള്‍, വീടിന്റെ സ്ഥാനം എവിടെ? എങ്ങനെ? എന്തെങ്കിലും വിഘ്‌നങ്ങള്‍ ഉണ്ടെങ്കില്‍ എങ്ങനെ മാറ്റാം, വീടിന്റെ സ്ഥാനം കുടുംബാംഗങ്ങള്‍ക്ക് എങ്ങനെ മെച്ചമാകും വസ്തുവിന്റെ കണക്കുകളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? വസ്തുവിന്റെ ദോഷങ്ങള്‍ എന്തെല്ലാം തുടങ്ങിയ സംശയങ്ങള്‍ക്കെല്ലാം ആധികാരികതയോടെ മറുപടി പറയാന്‍ ഇന്ന് രാധയ്ക്കാവും.
ഓര്‍മ വെച്ച നാള്‍ മുതല്‍ തന്നെ രാധയ്ക്ക് ജ്യോതിഷത്തെക്കുറിച്ച് അറിയാമായിരുന്നു. അതിന് കാരണമായത് കുടുംബപാരമ്പര്യം തന്നെ. തൃശ്ശൂര്‍ എലൈറ്റ് ഗ്രൂപ്പിന്റെ പാര്‍ട്ട്ണറായ അച്ഛന്‍ എടത്തുരുത്തി കൊല്ലാറ പാപ്പുവില്‍ നിന്നാണ് മകള്‍ രാധയ്ക്കും ജ്യോതിഷത്തില്‍ താത്പര്യം ഉണര്‍ന്നത്. സിലോണില്‍ ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ത്തിയപ്പോഴും പിന്നീട് തൃശ്ശൂരില്‍ എലൈറ്റ് ഗ്രൂപ്പ് തുടങ്ങിയപ്പോഴും പപ്പു ജ്യോതിഷത്തിന്റെ ചുവടുപിടിച്ചാണ് മുന്നേറിയത്. ജ്യോതിഷം നോക്കി കാര്യങ്ങള്‍ മുന്നോട്ടു നീക്കിയിരുന്ന കുടുംബമായിരുന്നു രാധയുടെ അച്ഛന്റെത്.

കല്യാണം കഴിഞ്ഞ് കോഴിക്കോട് ചാലപ്പുറം മേക്കുന്നത്ത് തറവാട്ടിലെത്തിയപ്പോഴും ജ്യോതിഷ താത്പര്യം വിട്ടില്ല. ഭര്‍ത്താവ് ,അച്ഛന്‍, അമ്മ, കുട്ടികള്‍ തുടങ്ങി അടുത്ത ബന്ധുക്കളുടെ ജാതകം പരിശോധിച്ചാണ് ജ്യോതിഷം ഒരു പ്രൊഫഷനായി തുടങ്ങിയത്. ജ്യോതിഷത്തിലും വാസ്തുവിദ്യയിലും അക്കാദമിക് പരിശീലനവും നേടി. പിന്നീട് വാസ്തുവിദ്യയിലായി കൂടുതല്‍ ശ്രദ്ധ. തുടര്‍ന്ന് അതില്‍ വിദഗ്ധയായി. വീടിനു മുന്‍പില്‍ ബോര്‍ഡും പേരുമെഴുതി പഠിച്ച വിദ്യ ബിസിനസ്സാക്കി മാറ്റുന്നതിനോട് രാധയ്ക്ക് താത്പര്യമില്ല. പ്രത്യേക ഫീസ് വാങ്ങിയുള്ള ഏര്‍പ്പാടുമില്ല. കേട്ടറിഞ്ഞ് ആളുകള്‍ എത്തും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ളവര്‍ രാധയെ സമീപിക്കാറുണ്ട്.
പുതിയ സംരംഭം തുടങ്ങുമ്പോള്‍, ജോലി തിരഞ്ഞെടുക്കുമ്പോള്‍, വാഹനം, വസ്തു എന്നിവ വാങ്ങുമ്പോള്‍, മംഗളകാര്യങ്ങള്‍ക്കായി ഒരുങ്ങുമ്പോള്‍... തുടങ്ങിയ കാര്യങ്ങള്‍ക്കൊക്കെ രാധയുടെ അഭിപ്രായം അറിയാന്‍. വീടിനും കെട്ടിടത്തിനും കുറ്റിയടിക്കാനൊന്നും പോകാറില്ലെങ്കിലും കൃത്യമായ സ്ഥാനവും മുഹൂര്‍ത്തവും രാധ സ്വന്തം വീട്ടിലിരുന്ന് ഗണിച്ചുനല്കും. ജാതകവും എഴുതിനല്കും. ഒരു ദിവസം രണ്ടോ മൂന്നോ പേര്‍ക്ക് മാത്രമേ വാസ്തുവിദ്യയും ജ്യോതിഷവും നോക്കിനല്കാറുള്ളൂ.
കുടുംബത്തിന്റെ പാരമ്പര്യ ബിസിനസ്സില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ വഴിയിലൂടെയാണ് രാധയുടെ സഞ്ചാരം. ഭര്‍ത്താവ് ലീലാധരന്റെയും മക്കളായ ലക്ഷ്മിയുടെയും വിഷ്ണുവിന്റെയും പൂര്‍ണപിന്തുണയാണ് രാധയെ മുന്നോട്ടുനയിക്കുന്നത്. ഈ മേഖലയിലെ പഠനം ഒരിക്കലും അവസാനിക്കില്ലെന്നാണ് രാധയുടെ പക്ഷം. എടക്കാട് നാരായണന്‍ വാര്യരുടെ കീഴില്‍ ഇപ്പോഴും പഠനം തുടരുകയാണ്. ടി.എസ്. ബാലഗോപാല പ്രഭുവിന്റെ പക്കല്‍ നിന്നാണ് വാസ്തുവിദ്യയില്‍ കൂടുതല്‍ പരിജ്ഞാനം നേടിയത്. തന്റെ പ്രവര്‍ത്തനരംഗത്തെ 20 വര്‍ഷത്തിനുമേലുള്ള അനുഭവജ്ഞാനം തന്നെയാണ് രാധയുടെ ഏറ്റവും വലിയ പിന്‍ബലം.സമൂഹത്തിലെ വിവിധ തലത്തില്‍പ്പെട്ടവര്‍ ജ്യോതിഷം നോക്കാനും വസ്തുക്കള്‍ വാങ്ങുമ്പോള്‍ അഭിപ്രായമറിയാനും രാധയെ സമീപിക്കാറുണ്ട്. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനം പരോപകാര പ്രവൃത്തിക്കായി ഉപയോഗിക്കാനും രാധ ശ്രദ്ധിക്കുന്നു.

ക്ഷേത്രകലകളെ സംരക്ഷിക്കണം - 
മലബാര്‍ ദേവസ്വം ബോര്‍ഡ്
Posted on: 07 Jun 2012


കോഴിക്കോട്: മലബാറിലെ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ സാമ്പത്തിക ശേഷിയുള്ള ക്ഷേത്രങ്ങള്‍ ക്ഷേത്രകലാപഠനം, സംസ്‌കൃത പഠനം, വേദ പഠനം എന്നിവ സംഘടിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ക്ഷേത്ര ഭരണാധികാരികളോട് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. ചാത്തുക്കുട്ടി ആവശ്യപ്പെട്ടു. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ക്ഷേത്ര കലകളെയും മറ്റും സംരക്ഷിക്കേണ്ടത് ക്ഷേത്രങ്ങളുടെ ചുമതലയാണ്. ക്ഷേത്രങ്ങളുടെ പഴയ സാംസ്‌കാരിക പെരുമ നിലനിര്‍ത്തേണ്ടത് ചരിത്രപരമായ ആവശ്യമാണ്. ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ആവശ്യമായതും പാരിസ്ഥിതിക പ്രാധാന്യം ഏറേയുള്ളതുമായ കാവുകള്‍ ഇന്ന് ക്ഷേത്രങ്ങളോട് അനുബന്ധിച്ചാണ് നിലനില്‍ക്കുന്നത്. കാവുകള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ക്ഷേത്രങ്ങള്‍ നടപ്പാക്കണം. വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന ദേവാരണ്യം പദ്ധതിയും ക്ഷേത്രങ്ങള്‍ക്ക് ആവശ്യമുള്ള പുഷ്പങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പൂജാ പുഷ്പ കൃഷി നടപ്പാക്കുന്നതിനും ഓരോക്ഷേത്ര ഭരണാധികാരികളും ശ്രദ്ധ നല്‍കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചു.
പണിക്കര്‍സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം
Posted on: 04 Jun 2012


കോഴിക്കോട്: ക്ഷേത്രഭരണസമിതികളിലും ദേവസ്വംബോര്‍ഡുകളിലും പണിക്കര്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്ന് പണിക്കര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം കോഴിക്കോട് ഡി.സി.സി. വൈസ് പ്രസിഡന്റ് ഇ.കെ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബേപ്പൂര്‍ ടി.കെ. മുരളീധരപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു.
എന്‍.കെ. ജയരാജ് പണിക്കര്‍, ഷിജുപണിക്കര്‍, മൂലയില്‍ മനോജ്കുമാര്‍, എം. അജയപ്പണിക്കര്‍, സാജന്‍ കെ. റാം, ടി.ജി. മയ്യന്നൂര്‍, ഡോ. സി. രവീന്ദ്രന്‍, ടി.കെ. രാമദാസ്, ദേവരാജ് തച്ചറക്കല്‍, സി.കെ. ഗിരീഷ് പണിക്കര്‍, ടി.കെ. പ്രദീപ് മണ്ണൂര്‍, ഷാജിസുന്ദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന ഭാരവാഹികളായി ബേപ്പൂര്‍ ടി.കെ. മുരളീധരപ്പണിക്കര്‍ (ചെയ.), ചെലവൂര്‍ ഹരിദാസ് പണിക്കര്‍, എം.പി. ഷാജിസുന്ദര്‍ (വൈസ് ചെയ.), എന്‍.കെ. ജയരാജ് പണിക്കര്‍ (ജന.സെക്ര.), പ്രദീപ് പണിക്കര്‍, പി.കെ. പുരുഷോത്തമന്‍ പണിക്കര്‍ കൊയിലാണ്ടി (ജോ. സെക്ര.), എം.പി. വിജീഷ് പണിക്കര്‍ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
വനിതാസമിതി ഭാരവാഹികളായികമല ആര്‍. പണിക്കര്‍ (ചെയ.), ഗിരിജാ വേണുഗോപാല്‍ പണിക്കര്‍ (വൈസ് ചെയ.), സരള കൃഷ്ണകുമാര്‍(ജന. സെക്ര.), ടി.കെ. സീത (ജോ. സെക്ര.) എന്നിവരെയും തിരഞ്ഞെടുത്തു.



ജില്ലാസമ്മേളനം നടത്തി
Posted on: 29 May 2012


മലപ്പുറം: കേരള കളരിക്കുറുപ്പ്- കളരിപ്പണിക്കര്‍ സംഘം (കെ.കെ.പി.എസ്) ജില്ലാസമ്മേളനം നഗര വികസനമന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനംചെയ്തു. ജില്ലാ ക്ഷേമനിധി എക്‌സി. ഓഫീസര്‍ വേണുഗോപാല്‍ അംഗത്വ ക്ഷേമനിധി കാര്‍ഡ് നല്‍കി. പ്രതിനിധിസമ്മേളനവും അദ്ദേഹം ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് പാലൂര്‍ കളരിക്കല്‍ ഗോപാലകൃഷ്ണപ്പണിക്കര്‍ അധ്യക്ഷതവഹിച്ചു. കെ.എം. അബ്ദു, വാസുദേവന്‍, വി.കെ. വിശ്വനാഥന്‍, സംസ്ഥാന പ്രസിഡന്റ് മണി മരത്താക്കര, ജനറല്‍ സെക്രട്ടറി കെ.വി. അജിത്കുമാര്‍, രാജന്‍ നെല്ലായി, കെ.കെ. മാധവന്‍, സന്ദീപ് ആര്‍. കുറുപ്പ്, വനിതാവിങ് പ്രസിഡന്റ് പൊന്നുണ്ണി, യൂത്ത്‌വിങ് പ്രസിഡന്റ് പ്രദീപ് വീതനശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ബാലകൃഷ്ണന്‍ തുവ്വൂരിന്റെ കവിതാപ്രകാശനം മന്ത്രി മഞ്ഞളാംകുഴിഅലി വാസുദേവന് നല്‍കി പ്രകാശനംചെയ്തു. ഉന്നതവിജയം നേടിയവരെയും പ്രൊഫഷണല്‍ ഡിഗ്രി നേടിയവരെയും സമുദായത്തിലെ മുതിര്‍ന്ന പൗരന്‍മാരെയും ആദരിച്ചു. ജ്യോത്സ്യന്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സംസ്ഥാനപ്രസിഡന്റ് മണി മരത്താക്കര, ജില്ലാപ്രസിഡന്റ് പാലൂര്‍ ഗോപാലകൃഷ്ണപ്പണിക്കര്‍ക്ക് നല്‍കി ഉദ്ഘാടനംചെയ്തു.

ജില്ലാസെക്രട്ടറി വൈലോങ്ങര കളരിക്കല്‍ ശ്രീനിവാസന്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വള്ളുവനങ്ങാട് കളരിക്കല്‍ രാഗേഷ് നന്ദിയും പറഞ്ഞു.


 

മ സമിതി: ആദ്യ സിറ്റിങ്ങില്‍ 46 പരാതികള്‍

മലപ്പുറം: പിന്നാക്ക ക്ഷേമത്തിനുള്ള നിയമസഭാ സമിതിയുടെ സംസ്ഥാനത്തെ ആദ്യ സിറ്റിങ്ങില്‍ 46 പരാതികള്‍ ലഭിച്ചു. ഇതില്‍ ഒമ്പതെണ്ണം പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമസമിതിയുടെ പരിഗണനക്ക് വിട്ടു. ബാക്കി പരാതികളില്‍ പരിശോധനക്ക് ശേഷം  ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സമിതി അധ്യക്ഷന്‍ സി. മമ്മുട്ടി എം.എല്‍.എ അറിയിച്ചു.
പിന്നാക്ക വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ കൃത്യസമയത്ത് അറിയുന്നില്ളെന്നും ആനുകൂല്യങ്ങള്‍ സംബന്ധിച്ച് കലക്ടറേറ്റില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നും താഴത്തെട്ടില്‍ ഇത്തരം സന്ദേശങ്ങള്‍ എത്തിക്കാന്‍  സന്നദ്ധ സംഘടനകളുടെ സഹകരണം ഉറപ്പാക്കണമെന്നും സമിതി നിര്‍ദേശിച്ചു. പിന്നാക്ക വികസന കോര്‍പറേഷന്‍ ഈ വര്‍ഷം 14 കോടി രൂപ വായ്പക്ക് വകയിരുത്തിയെങ്കിലും മൈക്രോ ഫിനാന്‍സിന് മൂന്ന് ലക്ഷമടക്കം 12,96,00,000 രൂപയാണ് വായ്പ നല്‍കിയത്. ഗ്രാമപ്രദേശങ്ങളില്‍ 40,000 ത്തിനും നഗരപ്രദേശങ്ങളില്‍ 55,000ത്തിനും താഴെ വരുമാനമുള്ളവര്‍ക്ക് ലക്ഷം രൂപ വീതം സ്വയംതൊഴില്‍ വായ്പയും വീട് പുനരുദ്ധാരണ വായ്പയും നല്‍കാന്‍ പദ്ധതിയുണ്ടെങ്കിലും ഗുണഭോക്താക്കള്‍ കുറവാണ്. സംസ്ഥാന സ്വയംസംരംഭകമിഷന്‍ പദ്ധതിയില്‍ ജില്ലയില്‍നിന്ന് 600 പേര്‍ മാത്രമാണ് അപേക്ഷിച്ചത്.
അരീക്കോട് കാര്‍ഷിക വികസന ബാങ്കില്‍നിന്ന് ലോണെടുത്ത് ജപ്തി നടപടി നേരിടുന്നയാള്‍ക്ക് 20 ഗഡുവായി കുടിശ്ശിക അടക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സമിതി ഉറപ്പുനല്‍കി.  മങ്ങാട്ട്മുറി എ.എം.യു.പി സ്കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണി സമിതി പരിശോധിക്കും. 2009ല്‍ നടത്തിയ എല്‍.പി സ്കൂള്‍ അധ്യാപക പരീക്ഷയുടെ ജില്ലയിലെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് സംബന്ധിച്ച് പി.എസ്.സി യോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും. ഉറുദു-അറബി അധ്യാപക നിയമനത്തില്‍ എസ്.സി-എസ്.ടി വിഭാഗത്തില്‍ ഉദ്യോഗാര്‍ഥികളില്ളെങ്കില്‍  രണ്ടാമത് വിജ്ഞാപനം ചെയ്ത് മറ്റ് വിഭാഗങ്ങളെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം പരിശോധിക്കും.
മരാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് വനംവകുപ്പിന്‍െറ എന്‍.ഒ.സി ലഭ്യമാക്കാനുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടിയായതായി ഡി.എഫ്.ഒ അറിയിച്ചു.
പെരുങ്കൊല്ലന്‍ സമുദായത്തിലെ പലിശ കൊല്ലന്‍, തോല്‍കൊല്ലന്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ ജില്ലാ വ്യവസായ കേന്ദ്രം, പിന്നാക്ക ക്ഷേമ വികസന കോര്‍പറേഷന്‍ എന്നിവരെ ചുമതലപ്പെടുത്തി.
  പി.എസ്.സി നിയമനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങളുടെ സംവരണ തോത് പുനര്‍നിര്‍ണയിക്കണമെന്നും മുസ്ലിംകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നിവേദനം നല്‍കി.
 കാടാമ്പുഴ ദേവസ്വത്തില്‍ ഈഴവ-തീയ്യ സമുദായ അംഗങ്ങള്‍ക്ക് നിലവിലെ നാല് ശതമാനം ജോലി സംവരണം വര്‍ധിപ്പിക്കണമെന്നും എല്ലാ പഞ്ചായത്തുകളിലും പൊതുശ്മശാനം അനുവദിക്കണമെന്നും എസ്.എന്‍.ഡി.പി യോഗം ആവശ്യപ്പെട്ടു. യോഗത്തിന് കീഴിലെ മൈക്രോ ഫൈനാന്‍സ് സംരംഭങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ ജില്ലാ വ്യവസായ കേന്ദ്രത്തെ ചുമതലപ്പെടുത്തി.
പി.എസ്.സി നിയമനങ്ങളില്‍ നിലവിലെ മൂന്ന് ശതമാനം സംവരണം ഉയര്‍ത്തണമെന്ന വിശ്വകര്‍മ സേവാസമിതിയുടെ ആവശ്യം കേരളത്തില്‍  നടക്കുന്ന സാമ്പത്തിക-സാമൂഹിക സര്‍വേ പൂര്‍ത്തിയാക്കിയശേഷം പരിഗണിക്കും.
വിദ്യാഭ്യാസ ജില്ലകളും ഉപജില്ലകളും വിഭജിക്കുക, എസ്.സി.ഇ.ആര്‍.ടിയില്‍ ഒഴിവുള്ള  തസ്തികകള്‍ നികത്തുക, കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍ അറബിക് വകുപ്പ് തുടങ്ങുക, മലപ്പുറത്ത് അറബിക് യൂനിവേഴ്സിറ്റി തുടങ്ങുക, പി.എസ്.സി നിയമനത്തില്‍ ജില്ലാതല വെയ്റ്റേജ് മാര്‍ക്ക് പുന$സ്ഥാപിക്കുക, വിദ്യാഭ്യാസ ആനുകൂല്യത്തിന് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ നടപ്പാക്കുക, പി.എസ്.സി നിയമനത്തിന് ഡിഗ്രി യോഗ്യതയാക്കിയ തസ്തികകളില്‍ കമ്പ്യൂട്ടര്‍ നിര്‍ബന്ധമാക്കിയ നിര്‍ദേശം പുന$പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും സിറ്റിങ്ങില്‍ ഉന്നയിച്ചു. അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍, മുസ്ലിം എംപ്ളോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും നിവേദനം സമര്‍പ്പിച്ചു.
 ചെയര്‍മാന്‍ സി. മമ്മുട്ടി എം.എല്‍.എ, അംഗങ്ങളായ പി.കെ. ബഷീര്‍ എം.എല്‍.എ, ആര്‍. സെല്‍വരാജ് എം.എല്‍.എ, ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ്, ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്‍, എ.ഡി.എം എന്‍.കെ. ആന്‍റണി എന്നിവര്‍ പങ്കെടുത്തു.

  ജ്യോതിഷഫലനിര്‍ണയത്തിന് 
             ഏകീകൃത സ്വഭാവം വരുത്തുന്നു                                                 Posted on: 08 Dec 2011
വളാഞ്ചേരി: ജ്യോതിഷ ഫലനിര്‍ണയത്തിന് ഏകീകൃത സ്വഭാവം നല്‍കാന്‍ 'ശാസ്ത്ര വീക്ഷണ ഏകീകരണത്തിന്' നീക്കം. കേരളത്തിലെ ജ്യോതിഷികളില്‍നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് ജ്യോതിഷ സംഘടനയായ 'ആസ്‌ട്രോ സമന്വയ' ശാസ്ത്ര വീക്ഷണ ഏകീകരണത്തിന് വഴിയൊരുക്കിയത്.


ജ്യോതിഷത്തെ ഏത് കോണില്‍നിന്ന് വിശകലനം ചെയ്താലും പൊതുസ്വഭാവം ഉണ്ടായിരിക്കണമെന്നതാണ് ആസ്‌ട്രോസമന്വയയുടെ ലക്ഷ്യമെന്ന് സെക്രട്ടറി കൊട്ടമുടി നന്ദന്‍ പണിക്കര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ജനവരി, ഫിബ്രവരി മാസങ്ങളില്‍ സെമിനാറുകള്‍, സംവാദങ്ങള്‍ സര്‍വ്വേകള്‍ എന്നിവ നടത്തും.


ജ്യോതിഷികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ അഭിമുഖവും ചര്‍ച്ചകളും രൂപരേഖാ അവതരണവുമുള്‍പ്പെടെ ഡി.വി.ഡിയുടെപ്രകാശനം താനൂര്‍ ഗവ.എല്‍.പി.സ്‌കൂളില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ താനൂര്‍ പ്രേമന്‍ പണിക്കര്‍ക്ക് നല്‍കി നിര്‍വഹിച്ചു. ജ്യോതിഷത്തില്‍ അഭിപ്രായഭിന്നത ഏറിവരികയാണെന്നും അതിനൊരു ഏകീകൃത സ്വഭാവം വരേണ്ടത് ആവശ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, ശബരിമല മുന്‍ മേല്‍ശാന്തി വിഷ്ണുനമ്പൂതിരി, കെ.പി.സി.സി.ജന.സെക്രട്ടറി യു.കെ. ഭാസി, കെ.ജനചന്ദ്രന്‍, കൊട്ടമുടി നന്ദന്‍പണിക്കര്‍, പകര പ്രേമന്‍ പണിക്കര്‍, ഗോകുലന്‍ കുറ്റിപ്പുറം, ആറ്റൂര്‍ ജയദേവന്‍, ശിവപ്രസാദ് ഓമച്ചപ്പുഴ എന്നിവര്‍ പങ്കെടുത്തു.


ഏകീകൃത ജാതിസര്‍ട്ടിഫിക്കറ്റ് അനുവദിക്കണം 
                -കണിയാര്‍ പണിക്കര്‍ സമാജം 
                                                                                                                                                                Posted on: 07 Nov 2011


പൂക്കോട്ടുംപാടം: ജ്യോതിഷം കുലത്തൊഴിലാക്കിയ കണിയാര്‍, കണിശ, കളരി പണിക്കര്‍, കളരികുറുപ്പ്, കണിയാര്‍ പണിക്കര്‍ വിഭാഗങ്ങള്‍ക്ക് ഏകീകൃത ജാതിസര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കണിയാര്‍ പണിക്കര്‍ സമാജം ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി എ.പി. അനില്‍കുമാറിന് നിവേദനം നല്‍കും. ടി.കെ. രാമദാസ് അധ്യക്ഷത വഹിച്ചു. കരിമ്പില്‍ രാധാകൃഷ്ണന്‍, തൃക്കടീരി കളരിക്കല്‍ രാമകൃഷ്ണന്‍, തിരുവാലി കളരിക്കല്‍ പത്മനാഭന്‍, തളിയങ്ങോട്ട് കളരിക്കല്‍ ബിനീഷ്, ടി.കെ. സതീശന്‍, വിപിന്‍ അയ്യനാത്ത്, സതീഷ് പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

 
ശ്രവണസഹായി മോള്‍ഡ് വിതരണം
Posted on: 25 Aug 2011


പൂക്കോട്ടുംപാടം: അമരമ്പലം കണിയാര്‍ പണിക്കര്‍ സമാജം തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്​പീച്ച് ആന്‍ഡ് ഹിയറിങ്ങിന്റെ സഹകരണത്തോടെ നടത്തിയ ശ്രവണ പരിശോധനാ ക്യാമ്പില്‍ ശ്രവണസഹായി ലഭിച്ചവര്‍ക്ക് മോള്‍ഡ് വിതരണം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത 110 പേര്‍ക്ക് കേന്ദ്ര സാമൂഹികക്ഷേമ വകുപ്പിന്റെ എട്ടര ലക്ഷം രൂപ ചെലവഴിച്ചാണ് ശ്രവണസഹായികള്‍ വിതരണം ചെയ്തത്. ഇവര്‍ക്കുള്ള മോള്‍ഡ് വിതരണം അമരമ്പലം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തനൂജ ആതവനാട് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് ടി.കെ. രാമദാസ് അധ്യക്ഷത വഹിച്ചു. ടി.എസ്. സുരേഷ്ബാബു, ടി.കെ. ദിനേശ് പണിക്കര്‍, ടി.കെ. സതീശന്‍, ടി.എസ്. അര്‍ജുന്‍, ടി.കെ. പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.





കെ.കെ.പി.എസ് വണ്ടൂര്‍ ബ്ലോക്ക് സമ്മേളനം
Posted on: 17 Aug 2011


വണ്ടൂര്‍: കേരള കളരിക്കുറുപ്പ്-കളരിപ്പണിക്കര്‍ സംഘം വണ്ടൂര്‍ ബ്ലോക്ക് യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം വണ്ടൂര്‍ കെ.കെ.പി.എസ് നഗറില്‍ നടന്നു. സ്വാമിജി ആനന്ദചൈതന്യ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് സി.കെ. സുധാകരപ്പണിക്കര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.കെ. രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വി.കെ. വിശ്വനാഥപ്പണിക്കര്‍, പാലൂര്‍ ഗോപാലകൃഷ്ണപ്പണിക്കര്‍, വി.കെ. രാഗേഷ്, മലപ്പുറം കളരിക്കല്‍ പ്രദീപ്, വി.കെ. ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.







23 July 2011
   അനുശോചിച്ചു

പൂക്കോട്ടുംപാടം: പറവൂര്‍ ശ്രീധരന്‍ തന്ത്രികളുടെ വിയോഗത്തില്‍ കണിയാര്‍ പണിക്കര്‍ സമാജം അനുശോചിച്ചു. സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്‍ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് ടി.കെ. രാമദാസ്, ടി.കെ. സതീശന്‍, വിപിന്‍ അയ്യനാത്ത്,ടി.കെ. രാമകൃഷ്ണപണിക്കര്‍, ടി.എസ്. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.




സാമൂഹികവളര്‍ച്ചയില്‍ സാമുദായിക സംഘടനകളുടെ
പങ്ക് ഗണനീയം- എ.പി. അനില്‍കുമാര്‍
Posted on: 19 Jun 2011


പൂക്കോട്ടുംപാടം: കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പമാണ് സാമുദായിക സംഘടനകളുടെയും സ്ഥാനമെന്ന് ടൂറിസം- പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. അമരമ്പലം പഞ്ചായത്ത് കണിയാര്‍ പണിക്കര്‍ സമാജം വാര്‍ഷിക സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ടി.കെ. രാമദാസ് അധ്യക്ഷത വഹിച്ചു. ജ്യോതിര്‍വിദ്യാ പുരസ്‌കാര ജേതാവ് വി.കെ. വിശ്വനാഥ പണിക്കര്‍, ഡോ. സി.കെ. സുജയ്, അബ്ജ എന്നിവരെ ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. ബഷീര്‍, കാളികാവ് ബ്ലോക്ക്പഞ്ചായത്തംഗം പി. ശിവാത്മജന്‍, കരിമ്പില്‍ രാധാകൃഷ്ണന്‍, ടി.കെ. സതീശന്‍ പാലൂര്‍, ഗോപാലകൃഷ്ണ പണിക്കര്‍, കേമ്പില്‍ രവി, കെ.സി. വേലായുധന്‍, ടി.കെ. പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.


വോട്ട് സമുദായ ഉന്നമനത്തിന് സഹായിക്കുന്നവര്‍ക്ക്
Posted on: 06 Apr 2011


പൂക്കോട്ടുംപാടം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗണിക-കണിയാര്‍ പണിക്കര്‍-കളരി പണിക്കര്‍ വിഭാഗങ്ങളുടെ വോട്ട് സമുദായ ഉന്നമനത്തിന് സഹായിക്കുന്നവര്‍ക്ക് മാത്രമേ നല്‍കൂ എന്ന് കണിയാന്‍പണിക്കര്‍ സമാജം മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കണ്‍വെന്‍ഷന്‍ പ്രസിഡന്റ് ടി.കെ .രാമദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കരിമ്പില്‍ രാധാകൃഷ്ണന്‍, ടി.കെ. സതീഷ് പണിക്കര്‍, ടി.കെ. പത്മനാഭന്‍, വിപിന്‍ അയ്യാത്ത്, ടി.കെ. സതീശന്‍, എ.കെ. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

 

കേള്‍വി പരിശോധനാക്യാമ്പ് നടത്തി
Posted on: 12 Nov 2010


പൂക്കോട്ടുംപാടം: അമരമ്പലം കണിയാര്‍പണിക്കര്‍ സമാജം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കേള്‍വി പരിശോധനാക്യാമ്പും ശ്രവണസഹായി വിതരണവും നടത്തി. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്​പീച്ച് ആന്‍ഡ് ഹിയറിങ്ങിന്റെയും കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ രണ്ട് ദിവസങ്ങളിലായാണ് പരിപാടി നടത്തുന്നത്. സംസാരവൈകല്യങ്ങള്‍, മുച്ചുണ്ട്, ശബ്ദത്തിലെ വ്യതിയാനം, ഉച്ചാരണ സ്ഫുടതക്കുറവ്, ഓട്ടിസം, പഠനവൈകല്യങ്ങള്‍, മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന നാഡീതളര്‍ച്ച എന്നിവ ചികിത്സിക്കാനുള്ള സൗകര്യം ക്യാമ്പില്‍ ഒരുക്കിയിരുന്നു.

ക്യാമ്പ് കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം കളരിക്കല്‍ സുരേഷ്ബാബു ഉദ്ഘാടനംചെയ്തു. സമാജം പ്രസിഡന്റ് ടി.കെ. രാമദാസ് അധ്യക്ഷത വഹിച്ചു. കരിമ്പില്‍ രാധാകൃഷ്ണന്‍, പുലത്ത് ഉണ്ണിമൊയ്തീന്‍, ഡോ. കെ.ടി. മനോജ്, അനിജ, അനിരുദ്ധന്‍, രജിതനായര്‍, ധര്‍മകുമാര്‍, ടി.കെ. സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം ആസ്ഥാനമായുള്ള നിഷിലെ 15ഓളം വിദഗ്ധരാണ് ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.


 കേള്‍വി പരിശോധന ക്യാമ്പ്  
Posted on: 05 Nov 2010


പൂക്കോട്ടുംപാടം: ശിശുദിനത്തോടനുബന്ധിച്ച് അമരമ്പലം കണിയാര്‍ പണിക്കര്‍ സമാജം ചാരിറ്റബിള്‍ സൊസൈറ്റി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സ്​പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ന്‍േറയും കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്‍േറയും സഹകരണത്തോടെ ശ്രവണ പരിശോധനാ ക്യാമ്പും ശ്രവണ സഹായിയും വിതരണം ചെയ്യുന്നു. കുട്ടികളിലും മുതിര്‍ന്നവരിലും കാണപ്പെടുന്ന സംസാര വൈകല്യങ്ങള്‍-മുച്ചുണ്ട്, ശബ്ദത്തിലെ വ്യതിയാനം, ഉച്ചാരണ സ്ഫുടതക്കുറവ്, ഓട്ടിസം, പഠന വൈകല്യങ്ങള്‍, മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന നാഡീതളര്‍ച്ച എന്നിവയ്ക്കും സൗജന്യ രോഗനിര്‍ണയ ചികിത്സാക്യാമ്പ് ഇതോടൊപ്പം തന്നെ നടത്തുന്നതാണ്. 10-ന് രാവിലെ 9 മുതല്‍ പൂക്കോട്ടുംപാടം പാലിയേറ്റീവ് ക്ലിനിക്കില്‍ നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9562479441 എന്ന നമ്പറില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Malappuram District News,pookkottumpadam Local News,മലപ്പുറം ,പൂക്കോട്ടുംപാടം ,സൗജന്യ ശ്രവണ പരിശോധനാക്യാമ്പ് ,Kerala - Mathrubhumi


സൗജന്യ ശ്രവണ പരിശോധനാക്യാമ്പ്
Posted on: 02 Nov 2010



പൂക്കോട്ടുംപാടം: അമരമ്പലം കണിയാര്‍ പണിക്കര്‍ സമാജം ചാരിറ്റബിള്‍ സൊസൈറ്റിയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്​പീച്ച് ആന്‍ഡ് ഹിയറിങ്ങും (നിഷ്) ചേര്‍ന്ന് കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൗജന്യ ശ്രവണ പരിശോധനാ ക്യാമ്പും ശ്രവണസഹായി വിതരണവും നടത്തുന്നു. 10ന്ഒമ്പതുമണി മുതല്‍ പൂക്കോട്ടുംപാടം പാലിയേറ്റീവ് ക്ലിനിക്കിലാണ് ക്യാമ്പ്. കുട്ടികളിലും മുതിര്‍ന്നവരിലും കാണുന്ന സംസാരവൈകല്യങ്ങള്‍, മുച്ചുണ്ട്, ശബ്ദത്തിലെ വ്യതിയാനം, ഉച്ചാരണ സ്ഫുടതക്കുറവ്, ഓട്ടിസം, പഠനവൈകല്യങ്ങള്‍, മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന നാഡീതളര്‍ച്ച എന്നിവയ്ക്കും സൗജന്യ ചികിത്സ ക്യാമ്പില്‍ ലഭ്യമാണ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9562479441 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ചെയ്യണം.