ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Monday, June 02, 2014

പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്


പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവരും, മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുമായ വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഒറ്റത്തവണയായി 5,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷാ ഫോറത്തിന്റെ മാതൃക http://ksbcdc.com/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, രേഖകള്‍ സഹിതം ജൂണ്‍ 30 നകം മാനേജിങ് ഡയറക്ടര്‍ , കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, സെന്റിനല്‍ , മൂന്നാം നില, പാറ്റൂര്‍ , വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം - 695 035 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
അപേക്ഷ ഫോറം ലഭിക്കാന്‍
അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസാക്കണം:
സ്വാമി സന്ദീപാനന്ദഗിരി

തൃശൂര്‍ : കേരളത്തില്‍ അടുത്ത സര്‍ക്കാര്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസാക്കണമെന്ന് സ്വാമി സന്ദീപാനന്ദഗിരി ആവശ്യപ്പെട്ടു. ആത്മവിശ്വാസമില്ലാതെ ആള്‍ദൈവങ്ങള്‍ക്കു പിറകെപ്പോകുന്ന "എസ്കേപ്പിസ"മാണ് ആധുനിക ആത്മീയത. സ്വന്തം അമ്മയില്‍നിന്ന് കിട്ടാത്ത സ്നേഹവും വാത്സല്യവും മറ്റൊരു "അമ്മ"യില്‍നിന്നും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച "ആള്‍ദൈവങ്ങളും ആത്മീയ വ്യാപാരവും ചോദ്യം ചെയ്യപ്പെടണം" എന്ന ജനസദസ്സ് തൃശൂര്‍ തെക്കേ ഗോപുരനടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി സന്ദീപാനന്ദഗിരി. അന്ധവിശ്വാസം മനുഷ്യനെ കീഴ്പെടുത്തിയതിന്റെ ഫലമായി പ്രകൃതി നിശ്ചയിക്കുന്ന സമയത്ത് ഒരു കുഞ്ഞിന് പിറന്നുവീഴാന്‍പോലും സാധ്യമല്ലാതായി. പ്രത്യേക നക്ഷത്രത്തില്‍ മാത്രം കുട്ടി ജനിച്ചാല്‍ മതിയെന്ന് നിശ്ചയിച്ച് ജ്യോത്സ്യരുടെ കുറിപ്പടികളുമായാണ് ഡോക്ടറെ സമീപിക്കുന്നത്. മാതാപിതാക്കളുടെ താല്‍പ്പര്യപ്രകാരം ജ്യോത്സ്യന്‍ പറയുന്ന സമയത്ത് കുഞ്ഞിനെ ഡോക്ടര്‍ കീറി പുറത്തെടുക്കുന്നു. പണിത വീട് വാസ്തുശാസ്ത്രത്തിന് എതിരെന്നു പറഞ്ഞ് പൊളിക്കുന്നു. "അക്ഷയതൃതീയ ദിന"ത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യമെന്ന എംബിഎ ബുദ്ധിയും വിശ്വാസമായി വിറ്റഴിക്കുന്നു. ആള്‍ദൈവമായ അമ്മയ്ക്കു മുന്നിലെ ക്യൂവും ബീവറേജസ് കോര്‍പറേഷനിലെ ക്യൂവും ഒരേപോലെയായിരിക്കുന്നു. ഇങ്ങനെ അധഃപതിച്ച കേരളം മുമ്പുണ്ടായിട്ടില്ല. ഇവിടെയാണ് അന്ധവിശ്വാസ നിര്‍മാര്‍ജന നിയമത്തിന്റെ അനിവാര്യത. ഈ നിയമം വന്നാല്‍ ഡോക്ടറും ജ്യോത്സ്യനും കൂട്ടുനിന്നവരുമെല്ലാം അകത്താവും. സ്വന്തം അമ്മയെ തള്ളയെന്നു വിളിക്കുകയും ആള്‍ദൈവത്തെ അമ്മയെന്ന് ആരാധനയോടെ വിളിക്കുകയും ചെയ്യുന്ന നാടാണിന്ന് കേരളം. അമ്മയെപ്പോലും സമര്‍ത്ഥമായി കച്ചവടം ചെയ്യുകയാണിവിടെ. മനുഷ്യന് ശബ്ദവും സ്പര്‍ശവും രസവും രൂപവും ഗന്ധവും പ്രദാനം ചെയ്ത പ്രകൃതി അനുഭവങ്ങളെയാണ് ആള്‍ദൈവങ്ങള്‍ തകര്‍ക്കുന്നത്. ആള്‍ദൈവഅമ്മ ഭക്തരെ കെട്ടിപ്പിടിക്കുന്നതല്ല ഇവിടത്തെ പ്രശ്നം. ഈ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്നതാണ്. കൈരളി ടിവിയിലെ അഭിമുഖം "അമ്മ"യ്ക്ക് നിന്ദയായെങ്കില്‍ അതിന് ആധ്യാത്മികമായ ഉത്തരമായിരുന്നു നല്‍കേണ്ടത്. സ്തുതിയും നിന്ദയും ഒരുപോലെ എന്ന് അവര്‍ പറഞ്ഞിരുന്നെങ്കില്‍ താന്‍ അവരുടെ കാല്‍ക്കല്‍ നമസ്കരിക്കുമായിരുന്നു. താന്‍ വലിയ ഭീഷണിയിലുടെയാണ് അന്ധിവിശ്വാസങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുന്നത്. വേദങ്ങളും ഉപനിഷത്തുമെല്ലാം പഠിച്ച താന്‍ പറയുന്നതിനെ സഹിഷ്ണുതയോടെ കേള്‍ക്കാന്‍ തയ്യാറല്ലാത്തവര്‍ ആക്രമിക്കുകയും നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഈ ഭീഷണികൊണ്ട് നിലപാടുകള്‍ തിരുത്താന്‍ തയ്യാറല്ല. ഡിവൈഎഫ്ഐ പോലുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ വേദിയില്‍ വരുന്നതില്‍ അഭിമാനിക്കുന്നുവെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. ശാസ്ത്രവും പ്രത്യയശാസ്ത്രവും ദൈവശാസ്ത്രവും പരാജയപ്പെട്ടാല്‍ അവിടെ അന്ധവിശ്വാസം വളരുമെന്ന് ജീവന്‍ ടിവി എക്സി. ഡയറക്ടര്‍ പി ജെ ആന്റണി പറഞ്ഞു. പ്രത്യയശാസ്ത്രം തകര്‍ന്നാല്‍ ജീവിതംതന്നെ തകരും. എന്റെ അപ്പന്‍ കമ്യൂണിസ്റ്റായതിന്റെ എല്ലാ കെടുതികളും അനുഭവിച്ച അമ്മ കൊന്ത എത്തിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുമായിരുന്നു. അതുപോലുള്ള അമ്മമാരാണ് ഇന്ന് ആവശ്യം. അല്ലാതെ കപട ആള്‍ദൈവങ്ങളല്ല. നമുക്ക് പൊക്കിപ്പിടിക്കാന്‍ ഒരു ചെങ്കൊടിയും പൊക്കിപ്പറയാന്‍ ഒരു പാര്‍ടിയും വേണം. കൊടി താഴാന്‍ അനുവദിക്കരുത്. അതിനായി പ്രസ്ഥാനത്തെ നവീകരിക്കണം. അന്ധവിശ്വാസങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കാന്‍ ധൈര്യം കാട്ടിയ നേതാവാണ് പിണറായി വിജയനെന്നും പി ജെ ആന്റണി ചൂണ്ടിക്കാട്ടി.
 ജ്യോതിഷ പരിഷത്ത് സംസ്ഥാന സമ്മേളനം
അറിവ് പകര്‍ന്നു നല്‍കുമ്പോള്‍ കൂടുതല്‍ തെളിച്ചം ഉണ്ടാകുന്നു
 -ജയറാം 

തൃശ്ശൂര്‍ : നമുക്ക് കിട്ടുന്ന അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുമ്പോഴാണ് കൂടുതല്‍ തെളിച്ചം ഉണ്ടാകുന്നതെന്ന് ചലച്ചിത്രതാരം ജയറാം പറഞ്ഞു. കേരള ജ്യോതിഷ പരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനവും ദൈവജ്ഞപുരസ്‌കാര സമര്‍പ്പണവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.അറിവില്ലാത്തവന് അറിവ് പകര്‍ന്നുനല്‍കുന്നത് ഉത്തമമായ പ്രവൃത്തിയാണ്. വര്‍ഷങ്ങളായി വെളിച്ചം കിട്ടാതെ കിടക്കുന്ന മുറിയില്‍ വിളക്കു കൊളുത്തി വെളിച്ചം പകരുന്നതുപോലെയാണിതെന്നാണ് ഉപനിഷത്ത് പഠിപ്പിക്കുന്നത്- ജയറാം പറഞ്ഞു.
ജ്യോതിഷ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ.യു. രഘുരാമന്‍ പണിക്കര്‍ അധ്യക്ഷനായി. സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന ഐജി എസ്. ഗോപിനാഥിനെ ജയറാം ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ദൈവജ്ഞപുരസ്‌കാരം കാഞ്ഞാണി ബാലന്‍പണിക്കര്‍ക്ക് സമ്മാനിച്ചു. സെക്രട്ടറി ഉണ്ണിരാജന്‍ കുറുപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജ്യോതിഷാചാര്യ ബിരുദദാനം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ നിര്‍വ്വഹിച്ചു. കല്ലേറ്റുംകര പത്മനാഭശര്‍മ്മ, മേഴത്തൂര്‍ ഗംഗാധരപ്പണിക്കര്‍ എന്നിവര്‍ ബിരുദങ്ങള്‍ ഏറ്റുവാങ്ങി.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഛായാചിത്രം ചടങ്ങില്‍ അനാച്ഛാദനം ചെയ്തു. സമാദര സമര്‍പ്പണം ഐജി എസ്. ഗോപിനാഥ് നിര്‍വ്വഹിച്ചു. ശ്രീധരപ്പണിക്കരെ ഗുരുദക്ഷിണ നല്‍കി ആദരിച്ചു. ജ്യോതി ജി. തെക്കേടത്ത്, ഹേമചന്ദ്രപ്പണിക്കര്‍ , കെ.എ. നാരായണന്‍ ആമ്പല്ലൂര്‍ , കോലഴി സുരേന്ദ്രപ്പണിക്കര്‍ , ബാലചന്ദ്രന്‍ വടക്കേടത്ത്, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എം.പി. സുരേന്ദ്രന്‍, ഡോ.എസ്. കൃഷ്ണന്‍ നായര്‍ , നന്ദകിഷോര്‍ , മധുസൂദനന്‍ പീച്ചിറയ്ക്കല്‍ , പാലത്തുളി കുട്ടികൃഷ്ണപ്പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പിന്നാക്ക സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിച്ചു

വിവിധ പ്രൊഫഷണല്‍ കോളേജുകളിലും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും പ്രവേശനത്തിന് പിന്നാക്ക സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിച്ച് ഉത്തരവായി. ഇതനുസരിച്ച് ധീവര സമുദായത്തില്‍പ്പെട്ട (എല്ലാ അവാന്തര വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന) വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ശതമാനവും ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആംഗ്ലോ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള രണ്ട് ശതമാനം സംവരണം മൂന്നു ശതമാനമായും കുടുംബി സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ശതമാനവും വിശ്വകര്‍മ്മ സമുദായത്തില്‍ ഉള്‍പ്പെട്ട സമുദായങ്ങള്‍ക്ക് രണ്ട് ശതമാനവും പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലാക്കിയ ഒ.ഇ.സി.യില്‍ ഉള്‍പ്പെട്ട കുശവന്‍, കുലാലന്‍, കുലാലനായര്‍ , കുംഭാരന്‍, വേളാന്‍, ഓടന്‍, കലാല, ആന്ത്രാനായര്‍ , ആന്തൂര്‍ നായര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഒരു ശതമാനവും സംവരണം അനുവദിച്ചിട്ടുണ്ട്. ഒ.ബി.എച്ച് വിഭാഗത്തില്‍ സംവരണം അനുഭവിച്ചുകൊണ്ടിരുന്ന ധീവരര്‍, വിശ്വകര്‍മ്മജര്‍ , കുശവന്‍, കുലാലന്‍ തുടങ്ങിയ സമുദായങ്ങള്‍ക്ക് പ്രത്യേക സംവരണം അനുവദിച്ച സാഹചര്യത്തില്‍ ഒ.ബി.എച്ച് വിഭാഗത്തിന് ഇനിമുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും അനുവദിക്കുന്ന സംവരണം മൂന്ന് ശതമാനം ആയിരിക്കും. ഒ.ഇ.സി പട്ടികയിലുള്ള 30 സമുദായങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. നിലവില്‍ പിന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വണിക-വൈശ്യ തുങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട സമുദായങ്ങള്‍ക്കും ഒ.ബി.എച്ച്-ല്‍ ഉള്‍പ്പെട്ട 30 ഇതര സമുദായങ്ങള്‍ക്കും വാര്‍ഷിക വരുമാന പരിധി ആറ് ലക്ഷം രൂപ കവിയരുതെന്ന നിബന്ധനയ്ക്ക് വിധേയമായി, ഒ.ഇ.സി വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ നിരക്കില്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കും. ഒ.ബി.എച്ച് വിഭാഗത്തിലെ മറ്റു സമുദായങ്ങള്‍ക്കുകൂടി ഈ ഉത്തരവിലൂടെ നല്‍കിയ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടോ എന്നു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ വി.ആര്‍ . ജോഷിയെ ചുമതലപ്പെടുത്തിയും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 30 ഇതര സമുദായങ്ങള്‍ക്കും എന്നതില്‍ ഉള്‍പ്പെടുത്തിയാണ് കണിയാര്‍ പണിക്കര്‍ ,ഗണക ,കാണി, കളരി പണിക്കര്‍ കളരി കുറുപ്പ് തുടങ്ങിയ സമുദായങ്ങള്‍ക്കും ആനുകൂല്യം ലഭ്യമാകുക .

 
ജ്യോതിഷപഠനത്തിന് സൗകര്യം ഏര്‍പ്പെടുത്തും
 -ടി.വി. ചന്ദ്രമോഹന്‍

 ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍

വടക്കാഞ്ചേരി: പ്രശസ്ത ജ്യോതിഷികളുടെ സഹകരണത്തോടെ ജ്യോതിഷപഠനത്തിന് സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ പറഞ്ഞു. കേരള കളരിക്കുറുപ്പ് -കളരിപ്പണിക്കര്‍ സംഘം വടക്കന്‍ മേഖലാ കുടുംബസംഗമം വടക്കാഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേഖലാ കണ്‍വീനര്‍ രാജേഷ് പണിക്കര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് മണി മരത്താക്കര മുഖ്യാതിഥിയായിരുന്നു. രാജു ചാലക്കുടി, പി.വി. രാമചന്ദ്രന്‍, കെ.എസ്. ദ്രൗപദി, പി.വി. നാരായണസ്വാമി, സുഭാഷ് പണിക്കര്‍ , പ്രസാദ് രാജ് എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍ .സി., പ്ലസ്ടു വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു.
കണിയാര്‍ പണിക്കര്‍ സമാജത്തിനു
കര്‍മ്മപഥത്തില്‍ നാലു വയസ്സ് .................



കണിയാര്‍ പണിക്കര്‍ സമാജം രൂപീകൃതമായിട്ടു ഇന്ന് നാലു വര്ഷം പൂര്‍ത്തിയാവുന്നു .ഒരു ഗ്രാമത്തിലെ ഗണകനെന്നോ,കണിയാനെന്നോ ,പണിക്കരെന്നോ,ഭേദമില്ലാതെ എല്ലാവരെയും ഒന്നിപ്പിച്ചു സമുദായ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിരവധി സമുദായ സേവനവും ,സാമൂഹ്യസേവനവും ചെയ്യാന്‍ സാധ്യമായിയെന്ന ചാരിതാര്‍ഥ്യം മാത്രമാണുള്ളത് .ഇപ്പോള്‍ ഇരുപത്തിമൂന്ന് കുടുംബങ്ങളാണ് ഈ കൂട്ടായ്മ്മയില്‍ ഉള്ളത് .മാസങ്ങള്‍ തോറും ഗൃഹസന്ദര്‍ശനം നടത്തുകയും കുടുംബങ്ങളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ കാണുകയും ചെയ്യുന്നു.വിവാഹം ,മരണം ,ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സന്ദര്‍ഭങ്ങള്‍ എന്നീ സമയങ്ങളില്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ,പരാതികള്‍ ,കുടുംബപ്രശ്നങ്ങള്‍ എന്നിവയ്ക്ക് നിയമബന്ധിത പരിഹാരങ്ങള്‍ കണ്ടെത്തുകയും ചെയ്തു വരുന്നു.സമുദായത്തിലെ മുഴുവന്‍ അംഗങ്ങളുടെയും കൃത്യമായ സ്ഥിതി വിവരകണക്കുകളും ഫോണ്‍ ഡയറക്ടറിയും തയ്യാറാക്കിയിട്ടുണ്ട്.
നാട്ടിലെ സാമൂഹ്യ-സാംസ്കാരിക -രാഷ്ട്രീയ രംഗങ്ങളില്‍ സമാജത്തിന്‍റെ സ്ഥാനം നിസ്തൂലമാണ് .നൂറിലധികം വോട്ടര്‍മാരുള്ള സമുദായം പഞ്ചായത്തിന്റെ രാഷ്ട്രീയ ഗതിതന്നെ മാറ്റിമറിക്കാന്‍ പോന്നവയാണെന്നു ഇന്നാട്ടിലെ സാമൂഹ്യസേവകര്‍ക്കറിയാം.
പ്രദേശത്തെ ദേശക്ഷേത്രങ്ങളില്‍ ദേശം ജ്യോത്സ്യന്മാരുടെ സ്ഥാനം ഉറപ്പുവരുത്തുവാനും,വിഷുഫല പത്രിക പുറത്തിറക്കി പാരമ്പര്യ അവകാശങ്ങള്‍ നിലനിറുത്തുവാനും സമാജത്തിനു സാധിച്ചിട്ടുണ്ട് .
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സഹായത്തോടെ എട്ടു ലക്ഷത്തോളം രൂപ ചെലവോഴിച്ചു നാട്ടിലെ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ സമാജത്തിനായി.
കുടുംബങ്ങളിലെ വഴക്കുകള്‍ക്കും,പ്രശ്നങ്ങള്‍ക്കും പരിഹാരംകാണുന്നത് വഴി നല്ല ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുവാനും,കൂട്ടായ്മ്മ നിലനിറുത്തുവാനും സാധിക്കുന്നു .
സമുദായ മാതൃപിതൃസംഘടനകളായ കെ.കെ.പി.എസ് ,കെ.ജി.കെ.എസ് .കെ.ജി.എം.എസ് എന്നിവരുടെയും സമന്വയ യു.എ ഇ യുടെയും അനുഗ്രഹാശിസ്സുകളും സമാജത്തിനു ഏറെ പ്രചോദന മായിട്ടുണ്ട് യെന്നു പറയാതിരിക്കാനാവില്ല.
ഇപ്പോള്‍സമാജത്തിനു സോഷ്യല്‍ വെബ്സൈറ്റില്‍ കണിയാര്‍ പണിക്കര്‍ സമാജം യെന്ന പേരില്‍ ഫേസ്ബുക്ക് പേജും ,ബ്ലോഗും, ഇന്ട്യോ റോക്ക്സ് എസ്.എം.എസ് സൈറ്റും നിലവിലുണ്ട് .
വൈദ്യുതി മന്ത്രിയും ,സ്ഥലം ജനപ്രതിനിധി കൂടിയായ ശ്രീ .ആര്യാടന്‍ മുഹമ്മദ്‌ ,പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ .എ.പി.അനില്‍കുമാര്‍ ,മുന്‍ വനിതാ കമ്മീഷന്‍ അംഗവും ,സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കൂടിയായ ശ്രീമതി പി.കെ.സൈനബ,നിലമ്പൂര്‍ നഗരസഭാ അധ്യക്ഷനും ,സിനിമ തിരകഥാകൃത്ത് കൂടിയായ ശ്രീ ആര്യാടന്‍ ഷൌക്കത്ത് ,വിവിധ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ,സമുദായ സംഘടനകള്‍ എന്നിവരുടെ സഹായസഹകരണങ്ങള്‍ സമാജത്തിന്‍റെ പുരോഗതിക്ക് ഏറെ ആക്കം കൂട്ടിയവയാണ് .ഈ അവസരത്തില്‍ അവരോടുള്ള കൃതഞ്ജത നന്ദിപൂര്‍വ്വം സ്മരിക്കുന്നു .തുടര്‍ന്നും അവരുടെ സേവങ്ങള്‍ക്കായി സമാജം കാതോര്‍ക്കുന്നു.
സമുദായാംഗളുടെ നിരന്തര സാന്നിധ്യ -സാമ്പത്തിക സഹായസഹകരണങ്ങളാണ് സമാജത്തെ മുന്നോട്ടു നയിക്കുന്നത് .
തുടര്‍ന്നും നമ്മുടെ എല്ലാ സമുദായ സംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും നിസീമമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ,സഹായ സഹകരങ്ങളും പ്രതീക്ഷിക്കുന്നു ..
എല്ലാ സമുദായാംഗങ്ങള്‍ക്കും ആശംസകള്‍ ....
നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുക
ഗണക കണിശ സഭയുടെ ഏകദിന ശില്‍പ്പശാല
ഗുരുവായൂരില്‍ ..........
ഗണക ,കണിശ ,കണിയാര്‍ ,കളരി കുറുപ്പ്,പണിക്കര്‍ സമുദായങ്ങളുടെ സംസ്ഥാന ഏകോപനവും,സംഘടന കെട്ടുറപ്പും ഉറപ്പുവരുത്തുവാനും, പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്‍റെയും ഭാഗമായി കേരള ഗണക കണിശ സഭയുടെ ജില്ലാ ഭാരവാഹികള്‍ -പോഷക സംഘടന ഭാരവാഹികള്‍ -ശാഖ ഭാരവാഹികള്‍ എന്നിവര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു .ഗുരുവായൂരില്‍ നടന്ന ശില്‍പ്പശാല സംസ്ഥാന അധ്യക്ഷന്‍ ഡോ.അശോകന്‍ പാച്ചല്ലൂര്‍ ഉദ്ഘാടനം ചെയ്തു .വൈസ്‌പ്രസിഡന്റ്‌ മുത്തൂര്‍ ദേവീദാസന്‍ സംഘടനാ പ്രവര്‍ത്തനരീതികള്‍ അവതരിപ്പിച്ചു.
മറ്റു സമുദായങ്ങളെ പോലെ മാറി മാറി വരുന്ന സര്‍ക്കാറുകള്‍ നമ്മുടെ സമുദായത്തെയും അര്‍ഹമായ പരിഗണയോടെ സമീപിക്കണമെങ്കില്‍ നമ്മുടെ സമുദായ ഐക്യം അനിവാര്യമാണെന്നും,അതിനു എല്ലാ സമുദായ വിഭാഗങ്ങളും ഒരേ മനസ്സോടെ ഒരുകുടക്കീഴില്‍ അണിനിരക്കണമെന്നും ശില്‍പ്പ ശാലയില്‍ അഭിപ്രായമുയര്‍ന്നു.
കെ.ജി.പ്രഭാകരന്‍ .കെ.കെ.സുധാകരന്‍ ,പെരുങ്കടവിള വിജയകുമാര്‍ ,ബി.കെ.കൃഷ്ണന്‍ ,പുനലൂര്‍ ചന്ദ്ര ബോസ് ,ഇരുമ്പനം ശിവരാമന്‍ ,കെ.ഹരികുട്ടന്‍ ,രത്നം ശിവരാമന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു .
ജ്യോതിഷത്തിന്റെ ശാസ്ത്രീയതയ്ക്ക് അടിസ്ഥാനം വേദം
- സ്വാമി ചിദാനന്ദപുരി
കോഴിക്കോട്: ഭാരതീയ ജ്യോതിഷത്തിന്റെ വേദാംഗത്വത്തിനും ശാസ്ത്രീയതയ്ക്കും പ്രമാണം വേദം തന്നെയാണെന്ന് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അഭിപ്രായപ്പെട്ടു. ദൈവജ്ഞ പരിഷത്ത് 'ജ്യോതിഷത്തിന്റെ വേദാംഗത്വവും ശാസ്ത്രീയതയും' എന്ന വിഷയത്തിലുള്ള വാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേദാംഗങ്ങളില്‍ മറ്റംഗങ്ങളേക്കാള്‍ അധികം പ്രാധാന്യം അര്‍ഹിക്കുന്നത് ജ്യോതിശ്ശാസ്ത്രമാണ്. കാലാവസ്ഥാ വ്യതിയാനങ്ങളും ഗ്രഹണം, വാനനിരീക്ഷണം എന്നിവ നിര്‍വഹിക്കുന്നത് പഴയ കാലത്ത് ജ്യോത്സ്യന്റെ ഉത്തരവാദിത്തമായിരുന്നു. ഭാരതീയ ജ്യോതിശ്ശാസ്ത്രത്തിന് അടിസ്ഥാനം ഭൗമയൂഥമല്ല, സൗരയൂഥം തന്നെയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശക്തമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രമേയത്തെ സാധിക്കുന്ന ശാസ്ത്രീയരീതിയാണ് ജ്യോതിഷത്തിന് ആധാരമെന്ന് തിരുവനന്തപുരം സംസ്‌കൃത സര്‍വകലാശാലയിലെ പ്രൊഫ. ഡോ. ഈശ്വരന്‍ അഭിപ്രായപ്പെട്ടു.
'ജ്യോതിഷം കുടുംബഭദ്രതയ്ക്ക് ഒരു ശാസ്ത്രീയ അപഗ്രഥനം' എന്ന വിഷയത്തില്‍ പരിഷത്ത് അധ്യക്ഷന്‍ വട്ടോളി അരവിന്ദന്‍ പണിക്കര്‍ പ്രബന്ധം അവതരിപ്പിച്ചു. ചെറുവള്ളി നാരായണന്‍ നമ്പൂതിരി, പൂക്കാട് സോമന്‍ പണിക്കര്‍ , പൂക്കാട് കരുണാകരന്‍ പണിക്കര്‍ , കൊടുവള്ളി രമേശ് പണിക്കര്‍ , ചേളന്നൂര്‍ അഖിലേഷ് ബാബു എന്നിവര്‍ സംസാരിച്ചു. തിരിശ്ശേരി ജയരാജന്‍ പണിക്കര്‍ സ്വാഗതവും മോഹന്‍ കെ. വേദകുമാര്‍ നന്ദിയും പറഞ്ഞു.
ഗുരുവായൂരില്‍ ജ്യോതിഷികള്‍ ധര്‍ണ്ണ നടത്തി

ഗുരുവായൂര്‍ : ക്ഷേത്രവിവാദങ്ങളെ തുടര്‍ന്ന് ഭാരതീയ ജ്യോതി ശാസ്ത്ര പരിഷത്ത് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടത്തിയ ധര്‍ണ്ണ പോലീസ് തടഞ്ഞു. ധര്‍ണ്ണ നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യമൊരുക്കുക, ദേവസ്വം ഭരണസമിതി പിരിച്ചുവിടുക, ഭരണസമിതിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. ജ്യോതിശാസ്ത്ര പരിഷത്ത് സംസ്ഥാന പ്രസിഡന്റ് മൂലയില്‍ മോഹന്‍ദാസ് പണിക്കര്‍ , സെക്രട്ടറി മുരളീധരപ്പണിക്കര്‍ , ടി ശക്തിധരന്‍ എന്നിവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കി. 40 ഓളം പേര്‍ പങ്കെടുത്തു.