ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Wednesday, January 30, 2013

പരശുരാമ സ്മൃതിയര്‍ത്തി
പല്ലശന നാല്പ്പത്തീരടി കളരി


പല്ലശന കളരി



പരശുരാമ സ്മൃതിയര്‍ത്തി  പാരമ്പര്യ പൈതൃകത്തിന്‍റെ ഉദാത്ത മാതൃകയായി നിലകൊള്ളുന്ന നാല്പ്പത്തീരടി കളരിയാണ് പാലക്കാട് പല്ലശന കളരി.600വര്‍ഷത്തിലധികം കാലപഴക്കം ചെന്ന കളരിയുടെ മാഹാത്മ്യം വിളിച്ചോതുന്ന പല്ലശന കളരി ഇപ്പോഴും കാലാനുസൃതമായ നവീകരണ പ്രവര്‍ത്തനങ്ങളൊന്നും നടത്താതെ എഴുത്തുകളരി ആശാന്മാരുടെയും, ആയോധന കളരിയാശാന്മാരുടെയും ഹസ്തരേഖ സ്പര്‍ശവും, വിയര്‍പ്പുകണങ്ങളുമേറ്റ് വാങ്ങിയ തങ്ങളുടെ പൂര്‍വികന്മാരായ മഹാരഥന്മാരുടെ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്നു.കരിങ്കല്‍ കഷ്ണങ്ങള്‍ ചതുരാകൃതിയില്‍ വെട്ടി തീര്‍ത്ത അസ്ഥിവാരവും, കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച ചുമരുകളും, കരിമ്പനകൊണ്ട് തീര്‍ത്ത മേല്‍ക്കൂരയും കാലത്തെ അതിജീവിച്ച പഴമയുടെ സൌന്ദര്യം വിളിചോതുന്നവയാണ്. ഈ കളരിയില്‍ പരദേവതയായ ഖലൂരിക ഭഗവതി, കന്യാദേവി, ആയുധമേന്തിയ യുദ്ധ ഗണപതി എന്നീ പ്രതിഷ്ഠകളാണുള്ളത്.കൂടാതെ ഭദ്രകാളി സങ്കല്‍പ്പവും,കേരളത്തിലെ ജ്യോതിഷ സമുദായങ്ങളുടെ ആരാധനാ മൂര്‍ത്തിയായ സുബ്രഹ്മണ്യ പ്രതിഷ്ഠയുള്ള സുബ്രഹ്മണ്യ കോവിലും സ്ഥിതി ചെയ്യുന്നു.

സുകുമാരന്‍ പണിക്കര്‍
പൂര്‍വികകാലത്ത് പല്ലശനദേശകാര്‍ക്ക് അക്ഷരാ ഭ്യാസത്തിനുള്ള എഴുത്തുകളരിയും, ആയോധന ഭ്യാസത്തിനുള്ള ആയോധനകളരിയും പല്ലശനകളരി യായിരുന്നു. അതിന്‍റെ സ്മരണകള്‍ ഉണര്‍ത്തി ഇന്നും ഈ ദേശത്തെ നായന്മാര്‍ ഈ കളരിയില്‍ ഗുരുപൂജ നടത്തി വരുന്നു. മാത്രമല്ല കേരളീയരുടെ ദേശീയോത്സവമായ ഓണാഘോഷത്തോട നുബന്ധിച്ച് നടത്തുന്ന ഓണതല്ലിനു പല്ലശനയിലെ ഈഴവര്‍ തിരുവോണനാളില്‍ ഈ കളരിയിലെത്തി കച്ചകെട്ടിയാണ് ഇന്നും ഓണതല്ലിനിറങ്ങുന്നത്.പല്ലശന കളരിക്കല്‍ കറുപ്പന്‍ പണിക്കര്‍ ജ്യോതിഷ പണ്ഡിതനും, പൂജാരിയും മികച്ച അഭ്യാസിയായിരുന്നു. ഇപ്പോള്‍ ഈ കളരിയിലെ കാരണവര്‍ ജ്യോത്സ്യനായ പല്ലശന കളരിക്കല്‍ സുകുമാരന്‍ പണിക്കരാണ്.

Wednesday, January 09, 2013

പാലൂര്‍ സുബ്രഹ്‌മണ്യക്ഷേത്ര തൈപ്പൂയ രഥോത്സവം 

ഷണ്‍മുഖ പുരസ്‌ക്കാരംകെ.പി.എ.സി ലളിതയ്ക്ക്

 കെ.പി.എ.സി ലളിത
   മലപ്പുറം പാലൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ രഥോത്സവത്തോടനുബന്ധിച്ച്‌   വിവിധമേഖലകളില്‍ മികവു പുലര്‍ത്തിയ പ്രമുഖ വ്യക്‌തികള്‍ക്ക്  പുരസ്‌ക്കാരങ്ങള്‍ നല്‍കും.   നാടക-സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഷണ്‍മുഖ പുരസ്‌ക്കാരം  പ്രശസ്‌ത നടി കെ.പി.എ.സി ലളിതയ്ക്കും,കായിക രംഗത്തെ പ്രകടനത്തിനുള്ള പ്രത്യേക പുരസ്‌ക്കാരം ഒളിമ്പ്യന്‍ കെ.ടി ഇര്‍ഫാനും നല്‍കും. 
കെ.ടി ഇര്‍ഫാന്‍
   ജില്ലയിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള നാലു അവാര്‍ഡുകള്‍  ജില്ലയിലെ സീനിയര്‍ പത്രപ്രവര്‍ത്തകരില്‍ മികച്ച ഓള്‍ റൗണ്ടര്‍ ആയി വീക്ഷണം മലപ്പുറം ബ്യൂറോ ചീഫ്‌ എന്‍.വി മുഹമ്മദലിയേയും, ജില്ലയിലെ മികച്ച സ്‌പോര്‍ട്‌സ് ലേഖകനായി ദീപിക മലപ്പുറം ബ്യൂറോ ഇന്‍ ചാര്‍ജ്‌ വി. മനോജിനെയും,മികച്ച പ്രാദേശിക ലേഖകനായി മാതൃഭൂമി പെരിന്തല്‍മണ്ണ ലേഖകന്‍ വി.വി വേണുഗോപാലനേയും, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രകടനത്തിന്ന്‌ ഏഷ്യാനെറ്റ്‌ മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ പ്രശാന്ത്‌ നിലമ്പൂരിനേയും തെരഞ്ഞെടുത്തു.ചൊവ്വല്ലൂര്‍ കൃഷ്‌ണന്‍കുട്ടി, കെ.പി രാമനുണ്ണി,സി.പി മുഹമ്മദ്‌ എം.എല്‍.എ, പി.കെ ഉണ്ണികൃഷ്‌ണപ്പണിക്കര്‍ ,കെ.എം അബ്‌ദു എന്നിവരടങ്ങുന്ന ജൂറിയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ തെരഞ്ഞെടുത്തത്‌.
പ്രശാന്ത്‌ നിലമ്പൂര്‍
  ജനുവരി  25ന്‌ പാലൂര്‍ ദണ്ഡായുധപാണി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ , മന്ത്രിമാരായ അടൂര്‍ പ്രകാശ്‌, മഞ്ഞളാംകുഴി അലി,പാണക്കാട്‌ സയ്ിദ്‌ മയുനവറലി ശിഹാബ്‌ തങ്ങള്‍ ,എം.പി വീരേന്ദ്രകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും. കേരളത്തിലെ പ്രശസ്‌ത ജ്യോതിഷികളായ പേരടിയൂര്‍ കളരിക്കല്‍ കുട്ടികൃഷ്‌ണപ്പണിക്കര്‍ ,കുറ്റിപ്പുറത്ത്‌ കളരിക്കല്‍ മുകുന്ദന്‍ പണിക്കര്‍ ,ചെറുകര കളരിക്കല്‍ ഉണ്ണി പണിക്കര്‍ എന്നിവരെ ചടങ്ങില്‍ പൊന്നാട നല്‍കി ആദരിക്കും. പാലൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ രഥോത്സവം 19 മുതല്‍ 27 വരെ പാലൂരില്‍ നടക്കും.

Friday, January 04, 2013



മാനവകുലത്തിനു വഴിവെളിച്ചമേകാന്‍  ജ്യോതിഷകളരി
 
 

പാരമ്പര്യ ജ്യോതിഷത്തെ കൈപിടിച്ചുയര്‍ത്താന്‍ മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത് ചെറുകോട് ഒരു ജ്യോതിഷ കളരി രൂപമെടുത്തു വരുന്നു.കേരള കളരി കുറുപ്പ് കളരി പണിക്കര്‍ സംഘം മലപ്പുറം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് കളരി ആരംഭിച്ചിരിക്കുന്നത്.2012 ജൂണ്‍ മുതല്‍  എല്ലാ ഞായറാഴ്ചയും നടക്കുന്ന  ജ്യോതിഷ പഠന കോഴ്സ്‌ 2015 ല്‍ ആദ്യ ബാച്ച് പുറത്തിറക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ജില്ലയിലെ  വിവിധ പ്രദേശങ്ങളില്‍ നിന്നായി പതിനഞ്ചിലധികം പഠിതാക്കളാണ് ഇപ്പോള്‍ കളരിയില്‍ ജ്യോതിഷം  അഭ്യസിക്കുന്നത്. സംസ്കൃതത്തിന്റെ ആദ്യപാഠം മുതല്‍ ജ്യോതിഷ സംബന്ധിയായ എല്ലാ വിഷയങ്ങളും ഈ കളരിയില്‍ അഭ്യസിപ്പിക്കുണ്ട്.ചാത്തങ്ങോട്ടുപുറം സുധാകരന്‍ പണിക്കര്‍ മുഖ്യപ്രാചാര്യനായ കളരിയില്‍ ജ്യോതിഷ പണ്ഡിതരായ വള്ളുവങ്ങാട് വിശ്വനാഥന്‍ പണിക്കര്‍ ,ചെറുകര സന്തോഷ്‌ പണിക്കര്‍ ,വീതനശ്ശേരി പ്രദീപ്‌പണിക്കര്‍ ,വണ്ടൂര്‍ രാധാകൃഷ്ണ പണിക്കര്‍ എന്നിവര്‍ അറിവ് പകര്‍ന്നു നല്‍കുന്നു. ഈ കളരിയില്‍ വിദ്യ അഭ്യസിക്കാനെത്തുന്നവര്‍ക്കും,ജ്യോതിഷം കൈകാര്യം ചെയ്യുന്നവര്‍കും ആവശ്യമായ ജ്യോതിഷസംബന്ധിയായ പുസ്തകങ്ങള്‍ അടങ്ങിയ ഒരു വിപുലമായ ഗ്രന്ഥശാല ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍ . ബന്ധപ്പെടേണ്ട വിലാസം പ്രിന്‍സിപ്പല്‍ , ജ്യോതിഷകളരി, ചാത്തങ്ങോട്ടുപുറം, വണ്ടൂര്‍ , മലപ്പുറം ജില്ല ഫോണ്‍ :9495291259.
ജ്യോതിഷരത്നം പുരസ്കാരം രാഘവന്‍ ജ്യോത്സ്യര്‍ക്ക്
   

കാഞ്ഞങ്ങാട്: അരയി നാരായണന്‍ ഗുരുക്കള്‍ സ്മാരക സാംസ്കാരിക വേദിയുടെ ഈവര്‍ഷത്തെ ജ്യോതിഷരത്നം പുരസ്കാരത്തിന് മേലാങ്കോട് രാഘവന്‍ ജ്യോത്സ്യരെ തിരഞ്ഞെടുത്തു. 10,001 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.


അരയി നാരായണന്‍ ഗുരുക്കള്‍ സ്മാരക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഏര്യത്ത് മുണ്ട്യ വൈകുണ്ഠം ഓഡിറ്റോറിയത്തില്‍ പൂരക്കളി സാഹിത്യ രചനയില്‍ സമൂല സംഭാവന നല്കിയ സംസ്‌കൃതപണ്ഡിതന്‍ അരയി നാരായണന്‍ ഗുരുക്കള്‍ അനുസ്മരണ സമ്മേളനം നടത്തി . പൂരക്കളിയില്‍ ഗുരുക്കന്മാരുടെ സംഭാവന എന്ന വിഷയത്തില്‍ നടന്ന സിമ്പോസിയം ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ ഡയറക്ടര്‍ ഡോ. ഇ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ വി.ഗോപാലകൃഷ്ണപണിക്കര്‍ അധ്യക്ഷനായി. കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം മേധാവി ഡോ. എ.എം.ശ്രീധരന്‍ , വത്സന്‍ പിലിക്കോട്, എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ , വി.പി.ദാമോദര പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ പി.പി.സുന്ദരന്‍ സ്വാഗതം പറഞ്ഞു.

മേലാങ്കോട് രാഘവന്‍ ജ്യോത്സ്യര്‍ക്ക് ജ്യോതിഷ രത്‌നം ബഹുമതി നല്കി ആദരിച്ചു. വെള്ളിക്കോത്ത് ശ്രീധരന്‍ ജ്യോത്സ്യര്‍ , കാഞ്ഞങ്ങാട് ബാലകൃഷ്ണന്‍ ജ്യോത്സ്യര്‍ , ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാക്കളായ എ.എം.ശ്രീധരന്‍ , വത്സന്‍ പിലിക്കോട്, എം.പദ്മനാഭ പണിക്കര്‍ , ബാലകൃഷ്ണ പണിക്കര്‍ , ഭാസ്‌കര പണിക്കര്‍ എന്നിവരെയും ആദരിച്ചു.
തുടര്‍ന്ന് പൂരക്കളിയും മറത്തുകളിയും നടന്നു.  സാംസ്‌കാരിക സമ്മേളനം പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയര്‍മാന്‍ പി.ദാമോദര പണിക്കര്‍ അധ്യക്ഷനായി. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, കാഞ്ഞങ്ങാട് നഗരസഭാ ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറടി, കെ.വെളുത്തമ്പു, മടിക്കൈ കമ്മാരന്‍, അഡ്വ. പി.അപ്പുക്കുട്ടന്‍ , എ.വി.രാമകൃഷ്ണന്‍ , പൂരക്കളി കലാഅക്കാദമി സംസ്ഥാന അധ്യക്ഷന്‍ എം.പി.പദ്മനാഭന്‍ , കൗണ്‍സിലര്‍മാരായ സി.കെ.വത്സലന്‍ , കെ.ദിവ്യ, അരയി കോവിലകം പ്രസിഡന്റ് കെ.അമ്പാടി, ഏര്യത്ത്മുണ്ട്യ ദേവാലയം പ്രസിഡന്റുമാരായ പി.പി.കോരന്‍ , കെ.സുമ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ പുരുഷോത്തമന്‍ സ്വാഗതവും കെ.ബാബു പണിക്കര്‍ അരയി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചിലമ്പൊലി നാട്ടറിവ് പഠന കേന്ദ്രത്തിന്റെ കലാവിരുന്നും നടന്നു.