ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Tuesday, September 10, 2013


ഓണ  പെരുമ്മയുമായി  
പെരിന്തല്‍മണ്ണ ഓണപ്പുട കളരി 




മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്ക് സമീപം കുളത്തൂരിനടുത്താണ് ഓണപ്പുട എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഓണവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ ഗ്രാമത്തിനു ഈ സ്ഥല നാമം കിട്ടിയതിനു പിന്നില്‍ ഒരു കഥയുണ്ട്  

കേരളത്തിലെ അറിയപ്പെടുന്ന ഒരു കളരി അഭ്യാസിയായിരുന്നു കുഞ്ഞൻപണിക്കർ.ആ കാലത്ത് നാടിന്‍റെ വിവിധ ഭാഗങ്ങളില്‍  നിന്നായി നിരവധി ആളുകള്‍ കളരി അഭ്യസിക്കാൻ പണിക്കരെ അന്വേഷിച്ചു ഈ ഗ്രാമത്തിലേക്ക് വന്നിരുന്നു.ജാതിമതഭേദമന്യേ എല്ലാവരെയും പണിക്കര്‍ കളരി അഭ്യസിപ്പിച്ചു.അങ്ങനെ പ്രശസ്തനായി തീര്‍ന്ന പണിക്കരുടെ അഭ്യാസമുറ കേട്ടറിഞ്ഞ  ഒരു നാട്ടു പ്രമാണി അദ്ദേഹത്തെ കണ്ണൂരിലേക്ക് ക്ഷണിച്ചു. പ്രത്യേക ക്ഷണമനുസരിച്ച് ശിഷ്യന്മാരും ആയുധങ്ങളുമായി കണ്ണൂരിലെത്തിയ പണിക്കരെ നാട്ടുപ്രമാണി രാജകീയമായിതന്നെ സ്വീകരിച്ചു. ആയോധനകലകള്‍ പരിശീലിപ്പിക്കുകയും,പ്രകടനം നടത്തുകയും ചെയ്ത പണിക്കര്‍ പിന്നീട് അതിപ്രശസ്തനായി എന്നാണു ഐതീഹ്യം.
 ഓണപ്പുട കളരിക്കല്‍ വാസുപണിക്കര്‍

 ഇന്നത്തെ തലമുറയിലെ കാരണവരായ ഓണപ്പുട കളരിക്കല്‍ വാസുപണിക്കരുടെ മുതുമുതു മുത്തച്ചനായിരുന്നു കുഞ്ഞൻ പണിക്കർ.തറവാട്ടിൽ കളരി അഭ്യാസവും കുട്ടികളെ എഴുത്തിനിരുത്തലും ഇവിടത്തെ പതിവായിരുന്നു. നാടിന്‍റെ പല  ഭാഗങ്ങളിലും  കളരി അഭ്യാസവുമായി നടന്ന കുഞ്ഞന്‍ പണിക്കരെ തറവാട്ടുകാരും, നാട്ടുകാരും ചേര്‍ന്ന്  ഒരു ഓണക്കാലത്ത് ഓണപ്പുടവ നല്‍കി ആദരിച്ചു.അതിനു ശേഷം എല്ലാ വര്‍ഷവും  പണിക്കര്‍ തറവാടിന്‍റെ നേതൃത്വത്തില്‍ നാട് മുഴുവന്‍ ഓണസദ്യയും ഓണപ്പുടവയും നല്‍കി വന്നു.   നാടിന്റെ പല ഭാഗങ്ങളിലായി കളരിയഭ്യാസം കൊണ്ട് നടക്കുമ്പോൾ തന്നെ കുഞ്ഞൻ പണിക്കർ ഓണത്തിനു സ്വന്തം തറവാട്ടിൽ തന്നെ വരുമായിരുന്നു,പുടവ വാങ്ങലും കൊടുക്കലും തന്‍റെ ഈ ഗ്രാമത്തിൽ നിന്നു തന്നെയാകണം എന്നു അദ്ദേഹത്തിന് നിർബദ്ധവുമായിരുന്നു. അങ്ങനെ ഓണ സദ്യയും ഓണപ്പുടവയും നല്‍കി വന്ന   ഈ ഗ്രാമത്തെ  ഓണപ്പുടവ എന്ന് വിളിക്കാൻ തുടങ്ങി.പിന്നീട് അത് ലോപിച്ച് ഓണപ്പുടയായി മാറി.ഇപ്പോള്‍ കുംഭ മാസത്തില്‍ കളരി പൂജയും,വിളക്ക് തെളിയിക്കലും മാത്രമാണ് ഈ ഓണപ്പുട  കളരിയില്‍ നടക്കാറുള്ളൂ.

Saturday, August 24, 2013

വൈദ്യകലാനിധി ഡോ. ടി.എന്‍ . സുകുമാരന്
ശതാഭിഷേകആശംസകള്‍ 
  ഡോ. സുകുമാരന്‍
വൈദ്യകലാനിധി ഡോ. ടി.എം. സുകുമാരന്‍ ശതാഭിഷേകനിറവില്‍ . ആയുര്‍വേദ ചികിത്സാരംഗത്ത് ആറ് പതിറ്റാണ്ടുകാലത്തെ അനുഭവസമ്പത്തിനുടമയായ ഡോ. സുകുമാരന്റെ ശതാഭിഷേക ചടങ്ങുകള്‍ 22ന് പാഴൂര്‍ പടിപ്പുരയില്‍ നടന്നു.

കൊട്ടാരക്കര തൃക്കണ്ണമംഗലത്ത് നാരായണന്റെയും ലക്ഷ്മിയുടെയും മകനായി ജനിച്ച സുകുമാരന്‍ പടിപ്പുരയിലെ പ്രശസ്തനായ ശങ്കരന്‍ ജ്യോത്സ്യരുടെ മകള്‍ പത്മാവതിയെ വിവാഹം കഴിച്ചാണ് പടിപ്പുര പാരമ്പര്യത്തിന്റെ കണ്ണിയായത്. തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ നിന്ന് വൈദ്യകലാനിധി പാസായ ഡോ. സുകുമാരന്‍ 1957-ല്‍ കുട്ടനാട്ടിലെ ചമ്പക്കുളം ഗവ. ആയുര്‍വേദ ആസ്പത്രിയില്‍ ഭിഷഗ്വരനായാണ് ഔദ്യോഗിക രംഗത്തെത്തിയത്.

തോപ്പില്‍ ഭാസി, ഡോ. സി.കെ. രാമചന്ദ്രന്‍ , ഡോ. കെ.എസ് . ഗംഗാധരന്‍ എന്നിവര്‍ സഹപാഠികളായിരുന്നു. വൈദ്യകലാനിധി പാരമ്പര്യത്തില്‍ ഇനി ശേഷിക്കുന്ന മൂന്നുപേരില്‍ ഒരാളാണ് പടിപ്പുരയിലെ ഡോ. ടി.എന്‍ . സുകുമാരന്‍ . 1979-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചുവെങ്കിലും 'വൈദ്യം' എന്ന തന്റെ കര്‍മമേഖലയില്‍ ഇന്നും സക്രിയനാണ് അദ്ദേഹം. തൊടുപുഴ, മൂവാറ്റുപുഴ, പിറവം ആയുര്‍വേദ ആസ്പത്രികളിലെ സേവനമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. മൂവാറ്റുപുഴയില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന കാലത്ത് 'മേള'യുടെ മുഖ്യ സംഘാടകനായിരുന്നു ഡോ. സുകുമാരന്‍ .

ഭഗവന്‍ സത്യസായി ബാബയുടെ കേരള സന്ദര്‍ശന വേളയില്‍ അതിന്റെ മുഖ്യ സംഘാടകരിലൊരാളും ഡോക്ടറായിരുന്നു. ഡോ. ടി.എസ്. രാജേന്ദ്രന്‍ (ശ്യാം ആയുര്‍വേദ ക്ലിനിക്, പിറവം), പടിപ്പുരയിലെ ദൈവജ്ഞന്‍ സുരേന്ദ്രന്‍ ജ്യോത്സ്യര്‍, ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്നും സംഗീതവിഭാഗം അധ്യാപികയായി വിരമിച്ച പ്രൊഫ. ലൈല എന്നിവര്‍ മക്കളും. യമുന, ഇന്ദിര, ചിറ്റൂര്‍ ഗവ. കോളേജ് റിട്ട. മലയാള വിഭാഗം മേധാവി പ്രൊഫ. കെ. ശശികുമാര്‍ എന്നിവര്‍ മരുമക്കളുമാണ്.

Friday, August 09, 2013

  രോഗങ്ങളില്‍ വലഞ്ഞ് ഒരു കുടുംബം
Posted on: 09 Jul 2013


കാളികാവ്: രോഗങ്ങളില്‍ പൊറുതിമുട്ടി ഒരു കുടുംബം.കാളികാവ് അഞ്ചച്ചവിടി പൂച്ചപൊയിലിലെ ആലിപ്പറമ്പ് കളരിക്കല്‍ ജനാര്‍ദ്ദനപ്പണിക്കരുടെ (71) കുടുംബമാണ് ദുരിതത്തിലായത്. ഭാര്യ കാര്‍ത്യായനി (69), ജനാര്‍ദ്ദനന്റെ സഹോദരി വിശാലാക്ഷി (79) എന്നിവരും രോഗികളാണ്.

കാല്‍ മുറിച്ചുമാറ്റിയ ജനാര്‍ദ്ദനപ്പണിക്കര്‍ക്ക് പരസഹായമില്ലാതെ പുറത്തിറങ്ങാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. ഒരുകണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. സഹോദരി വിശാലാക്ഷി ജന്‍മനാ കാലിന് വൈകല്യമുള്ളയാളാണ്. വൈകല്യമുള്ള കാലിന് രോഗം ബാധിച്ച് ഉണങ്ങാത്ത മുറിവുമായി.

ജനാര്‍ദ്ദനപ്പണിക്കരുടെ ഭാര്യ കാര്‍ത്യായനിയെക്കൂടി രോഗം പിടികൂടിയതോടെയാണ് കുടുംബത്തിന്റെ ആശ്രയമറ്റത്. നട്ടെല്ലിന് ക്ഷതമുള്ളതിന് പുറമെ ഹൃദ്രോഗം കൂടിയുള്ളതിനാല്‍ അഞ്ച് വര്‍ഷമായി ജോലിക്കും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാളികാവ് സാന്ത്വന പരിചരണ യൂണിറ്റിന്റെ സഹായത്തിലാണ് മൂന്നുപേരുടെ ജീവിതം.

ജനാര്‍ദ്ദനപ്പണിക്കരുടെ മകന്‍ ബാലസുബ്രഹ്മണ്യന്‍ വിദ്യാര്‍ഥിയാണ്. ജനാര്‍ദ്ദനപ്പണിക്കര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും കാര്‍ത്യായനിക്ക് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലുമാണ് ചികിത്സ. ഭക്ഷണത്തിനുപോലും വകയില്ലാത്ത കുടുംബത്തിന് ചികിത്സതേടാന്‍ പലപ്പോഴും കഴിയാറില്ല.

Monday, July 08, 2013


 കുടുംബതര്‍ക്ക പരിഹാരത്തിന് സംവിധാനം




മലപ്പുറം:കുടുംബതര്‍ക്കങ്ങളും സ്വത്ത് തര്‍ക്കങ്ങളും പരിഹരിക്കാന്‍ ജനമിത്രം കുടുംബക്ഷേമ നീതിവേദി സംവിധാനമൊരുക്കുന്നു. മഞ്ചേരി കച്ചേരിപ്പടി സിറ്റിഗേറ്റ് ബില്‍ഡിങ്ങിലെ സംഘടനയുടെ ജില്ലാകമ്മിറ്റി ഓഫീസില്‍ തിങ്കളാഴ്ച 10 മുതല്‍ ഏഴ് വരെയാണിത്. ഫോണ്‍ : 9846627710, 9846608918.

Friday, July 05, 2013


സ്മരണാഞ്ജലി



തളിയങ്ങോട്ട് കളരിക്കല്‍ മാധവ പണിക്കര്‍
നിലമ്പൂരിലെ പ്രശസ്ത ജ്യോതിഷ പണ്ഡിതനായ    തളിയങ്ങോട്ട് കളരിക്കല്‍ മാധവ പണിക്കര്‍ അന്തരിച്ചിട്ട് ജൂലൈ അഞ്ചിന്  ആറു വര്ഷം പൂര്‍ത്തിയാവുന്നു .കണിയാര്‍ പണിക്കര്‍ സമാജം പ്രസിഡന്റ് ടി.കെ.രാമദാസ്‌ ,ടി.കെ.സതീശന്‍ ,രാജേഷ്‌ ,ശ്രീനിവാസന്‍ ,ശ്രീജിത്ത് പണിക്കര്‍ , പരേതനായ പ്രശസ്ത ജ്യോതിഷ പണ്ഡിതനന്‍ അരീകുളങ്ങര സോമന്‍ പണിക്കരുടെ ഭാര്യ ഭാരതി ,ഉമാദേവി ,പ്രേമലത ,ബിന്ദു എന്നിവര്‍ മക്കളാണ് .

Thursday, July 04, 2013

സമാജം അംഗം ഒഴുക്കില്‍പ്പെട്ട് മരിച്ചു .

 സമാജം അംഗം ഒഴുക്കില്‍പ്പെട്ട് മരിച്ചു
ഹേമലത
 
                ഈ വര്‍ഷത്തെ കാലവര്‍ഷ കെടുതിയില്‍  മലപ്പുറം  പൂക്കോട്ടുംപാടം അമരമ്പലം പഞ്ചായത്തിലെ പുതിയകളം പരേതനായ തളിയങ്ങോട്ട് കളരിക്കല്‍ കൃഷ്ണപ്പണിക്കരുടെ മകള്‍ ഹേമലത (58) യെ ഒഴുക്കില്‍പ്പെട്ട് കാണാതായി.ജൂണ്‍ 26 നു ബുധനാഴ്ച രാവിലെ ആറുമണിക്ക് വീട്ടില്‍നിന്നിറങ്ങിയ ഹേമലത തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. നിലമ്പൂര്‍ പോലീസ്സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും  കണ്ടെത്താനായില്ല.  ട്യുബ് ബോട്ടിറക്കി രണ്ടു ദിവസം തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി.ജൂണ്‍ 29 നു ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക്  മമ്പാട് കറുകമണ്ണ ചാലിയാര്‍ പുഴയില്‍ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു .

ഫയര്‍ ഫോഴ്സ്  തിരച്ചില്‍ നടത്തുന്നു
നിലമ്പൂര്‍ താഹസില്‍ ദാര്‍ ഡെപ്യൂട്ടി താഹസില്‍ ദാര്‍ സുഭാഷ്‌ചന്ദ്രബോസ് ,സര്‍വേയര്‍ ബാബു പാലിശ്ശേരി ,വില്ലേജ് അസിസ്റ്റന്റ്‌  ഷിബു നീലോടി ,അമരമ്പലം വില്ലേജ് ഓഫീസര്‍ വിജയന്‍ വെള്ളയൂര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു .നിലമ്പൂര്‍ സബ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍ ഫയര്‍ ഫോഴ്സ്  ഓഫീസര്‍ സുഗുണന്‍ എന്നിവര്‍ നേതൃത്വം നല്‍കി .
കാണാതായ കുതിരപുഴ കടവ്
അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ .എം ബഷീര്‍ ,വാര്‍ഡ്‌ അംഗങ്ങള്‍ ,കണിയാര്‍ പണിക്കര്‍ സമാജം പ്രവര്‍ത്തകരായ ടി.കെ.രാമദാസ്,ടി.കെ.സതീശന്‍ ,കരിമ്പില്‍ രാധാകൃഷ്ണന്‍ , ടി.കെ.രവീന്ദ്രന്‍ ,ടി.കെ.രാമചന്ദ്രന്‍ പണിക്കര്‍ എന്നിവര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ നിയന്ത്രിച്ചു .നാട്ടുകാരുടെയും അധികൃതരുടെയും ഭരണാധികാരികളുടെയും സഹകരണങ്ങള്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുന്നു .