ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Saturday, August 24, 2013

വൈദ്യകലാനിധി ഡോ. ടി.എന്‍ . സുകുമാരന്
ശതാഭിഷേകആശംസകള്‍ 
  ഡോ. സുകുമാരന്‍
വൈദ്യകലാനിധി ഡോ. ടി.എം. സുകുമാരന്‍ ശതാഭിഷേകനിറവില്‍ . ആയുര്‍വേദ ചികിത്സാരംഗത്ത് ആറ് പതിറ്റാണ്ടുകാലത്തെ അനുഭവസമ്പത്തിനുടമയായ ഡോ. സുകുമാരന്റെ ശതാഭിഷേക ചടങ്ങുകള്‍ 22ന് പാഴൂര്‍ പടിപ്പുരയില്‍ നടന്നു.

കൊട്ടാരക്കര തൃക്കണ്ണമംഗലത്ത് നാരായണന്റെയും ലക്ഷ്മിയുടെയും മകനായി ജനിച്ച സുകുമാരന്‍ പടിപ്പുരയിലെ പ്രശസ്തനായ ശങ്കരന്‍ ജ്യോത്സ്യരുടെ മകള്‍ പത്മാവതിയെ വിവാഹം കഴിച്ചാണ് പടിപ്പുര പാരമ്പര്യത്തിന്റെ കണ്ണിയായത്. തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ നിന്ന് വൈദ്യകലാനിധി പാസായ ഡോ. സുകുമാരന്‍ 1957-ല്‍ കുട്ടനാട്ടിലെ ചമ്പക്കുളം ഗവ. ആയുര്‍വേദ ആസ്പത്രിയില്‍ ഭിഷഗ്വരനായാണ് ഔദ്യോഗിക രംഗത്തെത്തിയത്.

തോപ്പില്‍ ഭാസി, ഡോ. സി.കെ. രാമചന്ദ്രന്‍ , ഡോ. കെ.എസ് . ഗംഗാധരന്‍ എന്നിവര്‍ സഹപാഠികളായിരുന്നു. വൈദ്യകലാനിധി പാരമ്പര്യത്തില്‍ ഇനി ശേഷിക്കുന്ന മൂന്നുപേരില്‍ ഒരാളാണ് പടിപ്പുരയിലെ ഡോ. ടി.എന്‍ . സുകുമാരന്‍ . 1979-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചുവെങ്കിലും 'വൈദ്യം' എന്ന തന്റെ കര്‍മമേഖലയില്‍ ഇന്നും സക്രിയനാണ് അദ്ദേഹം. തൊടുപുഴ, മൂവാറ്റുപുഴ, പിറവം ആയുര്‍വേദ ആസ്പത്രികളിലെ സേവനമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. മൂവാറ്റുപുഴയില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന കാലത്ത് 'മേള'യുടെ മുഖ്യ സംഘാടകനായിരുന്നു ഡോ. സുകുമാരന്‍ .

ഭഗവന്‍ സത്യസായി ബാബയുടെ കേരള സന്ദര്‍ശന വേളയില്‍ അതിന്റെ മുഖ്യ സംഘാടകരിലൊരാളും ഡോക്ടറായിരുന്നു. ഡോ. ടി.എസ്. രാജേന്ദ്രന്‍ (ശ്യാം ആയുര്‍വേദ ക്ലിനിക്, പിറവം), പടിപ്പുരയിലെ ദൈവജ്ഞന്‍ സുരേന്ദ്രന്‍ ജ്യോത്സ്യര്‍, ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്നും സംഗീതവിഭാഗം അധ്യാപികയായി വിരമിച്ച പ്രൊഫ. ലൈല എന്നിവര്‍ മക്കളും. യമുന, ഇന്ദിര, ചിറ്റൂര്‍ ഗവ. കോളേജ് റിട്ട. മലയാള വിഭാഗം മേധാവി പ്രൊഫ. കെ. ശശികുമാര്‍ എന്നിവര്‍ മരുമക്കളുമാണ്.

Friday, August 09, 2013

  രോഗങ്ങളില്‍ വലഞ്ഞ് ഒരു കുടുംബം
Posted on: 09 Jul 2013


കാളികാവ്: രോഗങ്ങളില്‍ പൊറുതിമുട്ടി ഒരു കുടുംബം.കാളികാവ് അഞ്ചച്ചവിടി പൂച്ചപൊയിലിലെ ആലിപ്പറമ്പ് കളരിക്കല്‍ ജനാര്‍ദ്ദനപ്പണിക്കരുടെ (71) കുടുംബമാണ് ദുരിതത്തിലായത്. ഭാര്യ കാര്‍ത്യായനി (69), ജനാര്‍ദ്ദനന്റെ സഹോദരി വിശാലാക്ഷി (79) എന്നിവരും രോഗികളാണ്.

കാല്‍ മുറിച്ചുമാറ്റിയ ജനാര്‍ദ്ദനപ്പണിക്കര്‍ക്ക് പരസഹായമില്ലാതെ പുറത്തിറങ്ങാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. ഒരുകണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. സഹോദരി വിശാലാക്ഷി ജന്‍മനാ കാലിന് വൈകല്യമുള്ളയാളാണ്. വൈകല്യമുള്ള കാലിന് രോഗം ബാധിച്ച് ഉണങ്ങാത്ത മുറിവുമായി.

ജനാര്‍ദ്ദനപ്പണിക്കരുടെ ഭാര്യ കാര്‍ത്യായനിയെക്കൂടി രോഗം പിടികൂടിയതോടെയാണ് കുടുംബത്തിന്റെ ആശ്രയമറ്റത്. നട്ടെല്ലിന് ക്ഷതമുള്ളതിന് പുറമെ ഹൃദ്രോഗം കൂടിയുള്ളതിനാല്‍ അഞ്ച് വര്‍ഷമായി ജോലിക്കും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. കാളികാവ് സാന്ത്വന പരിചരണ യൂണിറ്റിന്റെ സഹായത്തിലാണ് മൂന്നുപേരുടെ ജീവിതം.

ജനാര്‍ദ്ദനപ്പണിക്കരുടെ മകന്‍ ബാലസുബ്രഹ്മണ്യന്‍ വിദ്യാര്‍ഥിയാണ്. ജനാര്‍ദ്ദനപ്പണിക്കര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലും കാര്‍ത്യായനിക്ക് പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലുമാണ് ചികിത്സ. ഭക്ഷണത്തിനുപോലും വകയില്ലാത്ത കുടുംബത്തിന് ചികിത്സതേടാന്‍ പലപ്പോഴും കഴിയാറില്ല.